2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ന്യൂ ഇന്ത്യ അഷ്യുറന്‍സ്‌ കമ്പനിയുടെ മൈക്രോ ഓഫീസ്‌ തൊടുപുഴയില്‍

തൊടുപുഴ : ന്യൂ ഇന്ത്യ അഷ്യുറന്‍സ്‌ കമ്പനിയുടെ മൈക്രോ ഓഫീസ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. മൂവാറ്റുപുഴ റോഡില്‍ ഇടശ്ശേരി ഹോട്ടലിന്‌ എതിര്‍വശം അക്ഷയ ബില്‍ഡിംഗ്‌സില്‍ ഓഫീസിന്റെ ഉദ്‌ഘാടനം ചീഫ്‌ റീജിയണല്‍ മാനേജര്‍ ഗിരീഷ്‌ രാജ്‌ നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ പി.ഡി ശിവനന്ദദാസ്‌ അദ്യപോളിസി കൈമാറ്റവും മുഖ്യപ്രഭാഷണവും നടത്തി. മൂവാറ്റുപുഴ ബ്രാഞ്ച്‌ മാനേജര്‍ ജയിംസ്‌ പോള്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കെ പി സെബാസ്റ്റ്യന്‍, ലൂണാര്‍ റബ്ബേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഐസക്‌ ജോസഫ്‌, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷീജ ജയന്‍, ബസ്‌ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ കെ തോമസ്‌, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ആര്‍. രമേശ്‌, ഓഫീസ്‌ ഇന്‍ചാര്‍ജ്ജ്‌ ജെയ്‌മി പി ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

പട്ടരുമഠത്തില്‍ പി ജെ കുര്യാച്ചന്‍ നിര്യാതനായി


തൊടുപുഴ പ്രീതി സ്റ്റോഴ്‌സ്‌, പട്ടരുമഠത്തില്‍ ഫാന്‍സി ബസാര്‍ എന്നിവയുടെ ഉടമ പട്ടരുമഠത്തില്‍ പി ജെ കുര്യാച്ചന്‍ നിര്യാതനായി. 62 വയസായിരുന്നു. സംസ്‌കാരം ഓഗസ്റ്റ്‌ 31 ബുധന്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തൊടുപുഴ തെനംകുന്ന്‌ പള്ളിയില്‍.

സ്വിറ്റ്‌സര്‍ലന്റില്‍ നിര്യാതനായി


മഹിളാ കോണ്‍ഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ ലീലമ്മ ജോസിന്റെ മകള്‍ ജോസ്‌ലിന്റെ ഭര്‍ത്താവ്‌ മാത്യു ജോസഫ്‌ സ്വിറ്റ്‌സര്‍ലന്റില്‍ നിര്യാതനായി. 33 വയസായിരുന്നു. തലയോലപ്പറമ്പ്‌ പഴയകടവില്‍ ജോസഫിന്റെ മകനാണ്‌. ജസ്റ്റിന്‍, ജെര്‍മി, അഞ്‌ജലി എന്നിവര്‍ മക്കളാണ്‌. സംസ്‌കാരം പിന്നീട്‌ ന്യൂയോര്‍ക്കില്‍ നടക്കും

2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

കരിമണ്ണൂരിന്‌ സമീപം തേക്കിന്‍കൂട്ടത്തില്‍ ഓമ്‌നി വാന്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു.


വാഹനാപകടത്തില്‍ മരണമടഞ്ഞു
തൊടുപുഴ : കരിമണ്ണൂരിന്‌ സമീപം തേക്കിന്‍കൂട്ടത്തില്‍ ഓമ്‌നി വാന്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. തേക്കിന്‍കൂട്ടം ഒറ്റിത്തോട്ടത്തില്‍ ഒ.പി. മുഹമ്മദ്‌ (70) ആണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച വൈകുന്നേരം 6.30 ഓടെയാണ്‌ അപകടം. റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടയില്‍ വാന്‍ ഇടിക്കുകയായിരുന്നു. കബറടക്കം ഇന്ന്‌ ഉച്ചയ്‌ക്ക്‌ മുമ്പ്‌ നെയ്യശ്ശേരി ജുമാമസ്‌ജിദില്‍. ഭാര്യ സാറാമ്മ ഉടുമ്പന്നൂര്‍ പുറമഠത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍ : സലിം (പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍, എറണാകുളം), സൈനബ, ഹമീദ്‌, ഷക്കീല, യൂസഫ്‌, ഐഷ. മരുമക്കള്‍ : സല്‍മ നൈനുകുന്നേല്‍ (കരിമണ്ണൂര്‍), സുലൈമാന്‍ കുഴിപ്പിള്ളില്‍ (വണ്ണപ്പുറം), സല്‍മ ഓലിക്കല്‍ (ഇടവെട്ടി), റസാഖ്‌ (ആലക്കോട്‌), താഹിറ (കോതമംഗലം), ഷാജി (നെല്ലിക്കുഴി).

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഹൈക്കോടതിക്കു മുന്നിലെ വേദിയില്‍ 'ശുംഭന്‍' പ്രയോഗം ഉറപ്പിച്ചു ജയരാജന്‍

ഹൈക്കോടതിക്കു മുന്നിലെ വേദിയില്‍ 'ശുംഭന്‍' പ്രയോഗം ഉറപ്പിച്ചു ജയരാജന്‍



കൊച്ചി: ജഡ്‌ജിമാര്‍ക്കെതിരേ 'ശുംഭന്‍' പ്രയോഗത്തിലൂടെ വിവാദമുയര്‍ത്തിയ സി.പി.എം. നേതാവ്‌ എം.വി. ജയരാജന്‍ പ്രയോഗം

പിന്‍വലിക്കില്ലെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്ത്‌. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്കു സമീപം സംഘടിപ്പിച്ച മത-രാഷ്‌ട്രീയ ഫാസിസ്‌റ്റ് കൂട്ടുകെട്ടിനെതിരായ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

ഹൈക്കോടതി അവധിയായിരുന്ന ഇന്നലെ പാതയോരം കൈയേറാതെ, കോടതിക്കു മുന്നിലൊരുക്കിയ വേദിയിലായിരുന്നു പ്രസംഗം.

പൗരന്റെ മൗലികാവകാശങ്ങളില്‍ കൈവയ്‌ക്കാനാണു ദൗര്‍ഭാഗ്യവശാല്‍ ജുഡീഷ്യറി ചില ഘട്ടങ്ങളില്‍ ശ്രമിക്കുന്നതെന്നു ജയരാജന്‍ ആരോപിച്ചു. 'ജുഡീഷ്യറിയിലെ ചിലരെ ഞാന്‍ ശുംഭനെന്നു പറഞ്ഞിട്ടുണ്ട്‌.

അതു പിന്‍വലിക്കുന്നുമില്ല. ശിക്ഷ വേണമോയെന്നു ജഡ്‌ജിമാര്‍ തീരുമാനിക്കട്ടെ, ജനങ്ങളും തീരുമാനിക്കട്ടെ. ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലാണ്‌ അതിലെ അഴിമതികള്‍. ചരിത്രത്തിലാദ്യമായി രാജ്യത്ത്‌ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസായി.

ജസ്‌റ്റിസ്‌ സെന്നിനെതിരേ ഒരു കമ്യൂണിസ്‌റ്റുകാരനാണു പ്രമേയം അവതരിപ്പിച്ചത്‌. ചില ജഡ്‌ജിമാര്‍ മാത്രമാണ്‌ അഴിമതിക്കാര്‍. ജഡ്‌ജിമാരെ നിയമിക്കുന്നതും സ്‌ഥലംമാറ്റുന്നതുമെല്ലാം അവര്‍തന്നെ. ഇക്കാരണത്താലാണു സി.പി.എം. സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷന്‍ ആവശ്യപ്പെടുന്നത്‌.

അഴിമതി പുറത്തുകൊണ്ടുവരാന്‍ അനിഷേധ്യമായ പങ്കുവഹിച്ച ചില ജഡ്‌ജിമാര്‍ അഴിമതിക്കാരായി മാറി. ഗാന്ധിഘാതകരെ വെള്ളപൂശാന്‍ ഒരു മലയാളി മുന്‍ജഡ്‌ജി തയാറായത്‌ മലയാളികള്‍ക്ക്‌ അപമാനമാണ്‌. ഗോഡ്‌സേ ആര്‍.എസ്‌.എസുകാരനല്ലെന്ന്‌ ഒരു ജഡ്‌ജി മാത്രം പറഞ്ഞാല്‍ സത്യമാകുമോ?

തെളിവുകളും രേഖകളുമുണ്ടായിട്ടും ഗാന്ധിവധത്തില്‍ ആര്‍.എസ്‌.എസിനു പങ്കില്ലെന്നു പറയുന്നവര്‍ അവരുടെ വക്കാലത്തുകാരാണെന്നു പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല. തൊടുപുഴയില്‍ അധ്യാപകനായ ജോസഫ്‌ തെറ്റുചെയ്‌തു.

പക്ഷേ കൈവെട്ടാന്‍ ആര്‍ക്കാണ്‌ അധികാരം. ആര്‍.എസ്‌.എസിന്റെ ധര്‍മമാണ്‌ എന്‍.ഡി.എഫ്‌. നിര്‍വഹിക്കുന്നതെങ്കില്‍ ബി.ജെ.പിയുടെ ധര്‍മമാണ്‌ എസ്‌.ഡി.പി.ഐ. നിര്‍വഹിക്കുന്നത്‌. അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി കുംഭകര്‍ണനാണെങ്കില്‍ പാമൊലിന്‍ കേസില്‍ അഴിമതി കാട്ടിയ ഉമ്മന്‍ചാണ്ടി രാവണനാണ്‌'- ജയരാജന്‍ പറഞ്ഞു.

ഹസാരെ നിരാഹാരം അവസാനിപ്പിച്ചു‍‍‍‍

ഹസാരെ നിരാഹാരം അവസാനിപ്പിച്ചു‍‍‍‍




ന്യൂഡല്‍ഹി: അഴിമതി തടയാന്‍ ശക്‌തമായ ലോക്‌പാല്‍ ആവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം പതിമൂന്നാം ദിവസം അവസാനിപ്പിച്ചു. ലോക്‌പാല്‍ രൂപീകരണത്തിന്‌ ഹസാരെ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ്‌ ഏകകണ്‌ഠമായി അംഗീകരിച്ചതോടെയാണ്‌ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്‌. ഡല്‍ഹി സ്വദേശിനികളായ സിമ്രാന്‍, ഇക്ര എന്നീ കുട്ടികളില്‍ നിന്ന്‌ തേന്‍ ചേര്‍ത്ത ‌ഇളനീര് സ്വീകരിച്ചാണ്‌ 290 മണിക്കൂര്‍ നീണ്ട സമരം ഹസാരെ അവസാനിപ്പിച്ചത്‌. ജനകീയ സമരത്തിന്‌ സമാപതിയായോടെ രാംലീല മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം അണ്ണായ്‌ക്ക് അഭിവാദ്യമര്‍പ്പിച്ചു. സമരം വിജയിച്ചതിന്റെ ആഹ്‌ളാദ സൂചകമതായി വൈകിട്ട്‌ ഇന്ത്യാഗേറ്റിലേക്ക്‌ പ്രകടനം നടത്തുമെന്നും അണ്ണാ അനുകൂലികള്‍ അറിയിച്ചു. ഇന്ത്യാഗേറ്റില്‍ നിന്നു പ്രകടനമായാണ്‌ സമരത്തിന്‌ ഹസാരെയും സംഘവും രാംലീലയില്‍ എത്തിയത്‌.

ഇത് എല്ലാവരുടെയും വിജയമാണെന്ന് ഹസാരെ ജനങ്ങളോട് പറഞ്ഞു. രാജ്യത്തിന് മുഴുവനുമാണ് സമരത്തിന്റെ പ്രയോജനം ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരവും, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ​മേഖലകളിലെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ശക്തമായ ലോക്പാല്‍ പാസ്സാക്കിയതോടെ നിശബ്ദരാകാന്‍ പാടില്ല. മാറ്റങ്ങള്‍ക്കു വേണ്ടി സമരം തുടരണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ നിഷേധവോട്ടും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും വേണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

ബോബിന്‍ ജോസ്‌ (23) നിര്യാതനായി


തൊടുപുഴ ഈസ്റ്റ്‌ : പടിഞ്ഞാറയില്‍ പി.ടി. ജോസിന്റെ (അസി. ഡിവിഷണല്‍ മാനേജര്‍, എല്‍.ഐ.സി., കോട്ടയം) മകന്‍ ബോബിന്‍ (23) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ്‌ 28 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30ന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. മാതാവ്‌ അല്‍ഫോന്‍സ കെ. സെബാസ്റ്റ്യന്‍ (ജെസ്സി, അക്കൗണ്ട്‌സ്‌ ഓഫീസര്‍, ബി.എസ്‌.എന്‍.എല്‍. തൊടുപുഴ) കലയന്താനി കൈതപ്പറമ്പില്‍ കുടുംബാംഗമാണ്‌. സഹോദരന്‍ : ബാബു ജോസ്‌ (ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ്‌ മാനേജ്‌മെന്റ്‌).

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കണ്ടതും കാണാത്തതും

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചേംബറില്‍ പ്രാണ രക്ഷാര്‍ത്ഥം ഓടിക്കയറിയ യുവാവിനെ അക്രമിസംഘം അടിച്ചു വീഴ്‌ത്തുന്നു. തടയാന്‍ ശ്രമിച്ച വനിതാ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിച്ചു കൊണ്ട്‌ മര്‍ദ്ദനം തുടരുന്നു. അടി കൊണ്ട്‌ വീണ യുവാവിനെ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍ ചേര്‍ന്ന്‌ പോലീസ്‌ ജീപ്പില്‍ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടു പോകുന്നു. അക്രമികളുടെ താവളത്തില്‍ യുവാവിനെയും ജനപ്രതിനിധികളേയും ഇറക്കി വിട്ട്‌ അക്രമികള്‍ക്ക്‌ വഴിയൊരുക്കുവാന്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ പോകുന്നു. ഈ സംഭവങ്ങള്‍ ബീഹാറിലോ ഒറീസയിലോ നടന്നതല്ല. തൊടുപുഴയ്‌ക്ക്‌ സമീപം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞദിവസം സംഭവിച്ച കാര്യങ്ങളാണിവ. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. അക്രമികള്‍ക്ക്‌ ഓശാന പാടിയ പോലീസ്‌ നമ്മുടെ നാട്ടില്‍ ക്രമസമാധാനം എങ്ങിനെ സംരക്ഷിക്കുമെന്നതിന്റെ നേര്‍കാഴ്‌ചയാണിത്‌. ആര്‌ പറഞ്ഞാലും തങ്ങള്‍ നന്നാകില്ലെന്ന വാശിയിലാണ്‌ ചില പോലീസ്‌ ഓഫീസര്‍മാര്‍. ഇനി വെള്ളിയാമറ്റത്ത്‌ നടന്ന സംഭവങ്ങള്‍ എന്താണെന്ന്‌ നോക്കാം. കേരളം ആര്‌ ഭരിച്ചാലും നാടും പോലീസ്‌ സ്റ്റേഷനും തങ്ങളുടെ വരുതിയില്‍ വര്‍ഷങ്ങളായി നിര്‍ത്തുന്ന ചില പൊതുസേവകര്‍ ഈ നാട്ടിലുണ്ടത്രെ. അക്രമികളുടെ പിന്നില്‍ അടിയുറച്ച്‌ നില്‍ക്കുക എന്നതാണ്‌ ഇവരുടെ മുഖമുദ്ര. തങ്ങളെ എതിര്‍ത്താല്‍ തട്ടിക്കളയും എന്നാണ്‌ ഇവര്‍ നാട്ടുകാര്‍ക്ക്‌ നല്‍കുന്ന മുന്നറിയിപ്പ്‌. മണല്‍ കടത്തിലും ഇതര നിയമലംഘന പ്രവര്‍ത്തികളാലും സ്‌പെഷ്യലൈസ്‌ ചെയ്‌തതിവരാണത്രെ, വെള്ളിയാമറ്റത്തെ രാജാക്കന്‍മാര്‍. ജനാധിപത്യത്തിലൊന്നും ഇവര്‍ക്ക്‌ വിശ്വാസമില്ല. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തിളങ്ങി നില്‍ക്കുന്നവര്‍ ഇവരുടെ സംരക്ഷകരാണെന്നും പറയാം. മന്ത്രി മുതല്‍ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ വരെ നാട്ടിലേറെയുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ കടന്ന്‌ അക്രമം നടത്തിയിട്ട. കാര്യമായ പ്രതിഷേധങ്ങള്‍ ഉയരാത്തത്‌ ഈ അവിഹിത കൂട്ടുകെട്ടുകളാണത്രെ.തടിവെട്ടി കൊണ്ടുപോയതോടെ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ ഹനിക്കുന്ന രീതിയില്‍ റോഡ്‌ തകര്‍ന്നതിനെ ചോദ്യം ചെയ്‌തതിന്റെ പേരിലാണത്രെ വെള്ളിയാമറ്റത്ത്‌ ഗുണ്ടകള്‍ ഇറങ്ങിയത്‌.തകര്‍ന്ന റോഡ്‌ നന്നാക്കി നല്‌കാമെന്ന്‌ തടി കച്ചവടക്കാരന്‍ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ തങ്ങളുടെ സാമ്രാജ്യത്തില്‍ ചോദിക്കാന്‍ ആരാടാ ധൈര്യം കാണിച്ചതെന്നായിരുന്നു പൊതു സേവകരുടെ മറവില്‍ കൊള്ളയും കൊള്ളിവയ്‌പും നടത്തുന്ന പ്രാദേശിക നേതാവിന്റെ ഉള്ളിലിരുപ്പ്‌. അങ്ങനെയാണ്‌ ഗുണ്ടാപ്പടയെ തല്ലാന്‍ വിട്ടത്‌ .തല്ലു കൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ കയറിയ യുവാവിനെ പ്രസിഡന്റുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ മുന്നിലിട്ട്‌ തല്ലിച്ചതക്കുവാനും ഇവര്‍ ധൈര്യം കാട്ടി. പ്രസിഡന്റ്‌ പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ എത്തിയതാകട്ടെ. ഒരു സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മാത്രം. അതായത്‌ നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പഴയ ഏഡേമാന്‍ ഉണ്ണുന്ന ചോറിന്‌ നന്ദി കാണിക്കുന്നവരാണ്‌ പഴയ ഏഡ്‌മാരും അങ്ങനെയാണ്‌. പരിക്കേറ്റ യുവാവിനെയും ഒപ്പം പോയ ജനപ്രതിനിധികളെയും അക്രമികളുടെ സാമ്രാജ്യത്തില്‍ ഇറക്കി വിടുവാന്‍ ഈ ഉദ്യോഗസ്ഥന്‍ ധൈര്യം കാണിച്ചത്‌. കുളമാവിലേയ്‌ക്ക്‌ ഫോഴ്‌സ്‌ മുഴുവന്‍ നീങ്ങുകയാണെന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വിളിച്ചു പറഞ്ഞതു കൊണ്ടാണത്രെ.തല്ലു കൊണ്ടവനെ ആശുപത്രിയിലെത്തിക്കാതെ വഴിയില്‍ തള്ളിയത്‌. എന്തായാലും ഗുരുതരാവസ്ഥയില്‍ ഒരാളെ റോഡില്‍ ഉപേക്ഷിച്ചിട്ട്‌ പോലീസ്‌ പോയത്‌ തടിലോറിക്ക്‌ സംരക്ഷണം നല്‌കാനാണത്രെ. ഏയ്‌, പോലീസ്‌ ഉദ്യോഗസ്ഥരെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക .വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിങ്ങള്‍ ഇപ്പോള്‍ സംരക്ഷണം നല്‍കുന്ന മണല്‍ കടത്തുകാരുടെ ലോറി ഇടിച്ച്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ മകന്‍ ദാരുണമായി മരണമടഞ്ഞത്‌ നിങ്ങള്‍ മറന്നുവല്ലേ. മനുഷ്യ ജീവന്‌ തന്നെ ഭീക്ഷണിയായ ഇത്തരം മാഫിയകള്‍ക്ക്‌ സംരക്ഷണം നല്‍കാനാണോ സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ പോലീസാക്കിയിരിക്കുന്നത്‌. എന്നായാലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെടികെട്ട്‌ നടത്തിയവര തളയ്‌ക്കുവാന്‍ ഇനിയും വൈകരുത്‌.അല്ലെങ്കില്‍ അടുത്ത ദിവസം ഇവര്‍ കാഞ്ഞാര്‍ പോലീസ്‌ സ്റ്റേഷനിലായിരിക്കും വെടിക്കെട്ട്‌ നടത്തുന്നത്‌.

പൊതുജനസമ്പര്‍ക്കപരിപാടി തൊടുപുഴയില്‍ നടന്നു

സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്‌ടര്‍ ഇ ദേവദാസിന്റെ നേതൃത്വത്തില്‍ താലൂക്ക്‌ അടിസ്ഥാനത്തിലുള്ള പൊതുജനസമ്പര്‍ക്കപരിപാടി തൊടുപുഴയില്‍ നടന്നു. എ.ഡി.എം ബി. രാമചന്ദ്രന്‍, തഹസില്‍ദാര്‍ പി.ബി അനില്‍കുമാര്‍ നഗരസഭ ആരോഗ്യകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ്‌ ജോണ്‍, നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, ആര്‍.ടി.ഒ വിനോദ്‌, ജില്ലാ താലൂക്ക്‌ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജനസമ്പര്‍ക്ക പരിപാടിയില്‍ ആഗസ്റ്റ്‌ 16 വരെ വിവിധ താലൂക്കുകളില്‍ നിന്നും ലഭിച്ച 196 അപേക്ഷകളുടെ അവസാനവട്ട തീര്‍പ്പാണ്‌ നടന്നത്‌. പരാതികള്‍ സ്വീകരിക്കുന്നതിന്‌ 19 കൗണ്ടറുകള്‍ തുറന്നു. ഇവിടെ നിന്നും തൃപ്‌തികരമല്ലാത്തവ കളക്‌ടറുടെ അടുത്ത്‌ നേരിട്ട്‌ ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഒരുങ്ങി.
3958-ാം നമ്പര്‍ വെള്ളിയാമറ്റം സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ പ്യൂണ്‍ തസ്‌തികയിലേക്ക്‌ നടത്തുന്ന നിയമനം സംബന്ധിച്ച്‌ ഷാജന്‍ ജോണ്‍, റ്റി.എസ്‌ ഷിബു എന്നിവരുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന്‌ കളക്‌ടര്‍ക്ക്‌ ബോധ്യപ്പെടുകയും സമഗ്ര അന്വേഷണത്തിന്‌ ഉന്നതാധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. അയല്‍വാസിയുടെ മരം വീണ്‌ മരിച്ച മുതലക്കോടം സ്വദേശി ജോബിന്‍ ജോസിന്റെ കുടുംബത്തിന്‌ 1ലക്ഷം രൂപയും പ്രകൃതിക്ഷോഭത്തില്‍ വീടു പൂര്‍ണമായും നഷ്‌ടപ്പെട്ട മൂലമറ്റം നെടുങ്കാട്ട്‌ ഗീതാ സുരേഷിന്‌ പതിനായിരം രൂപയുടെ ധനസഹായവും കലക്‌ടര്‍ വിതരണം ചെയ്‌തു.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

എല്‍ ഡി എഫ് ധര്‍ണ്ണ നടത്തി

എല്‍ ഡി എഫ് ധര്‍ണ്ണ നടത്തി

പീഡന കേരളം

കരുതിയിരിക്കൂ, കാണാമറയത്ത്‌ 'ശോഭാ ജോണ്‍'മാര്‍ വിലസുന്നു‍



പറക്കമുറ്റും മുമ്പേ ചിറകരിയപ്പെടുന്ന പെണ്‍ബാല്യങ്ങള്‍...1

'...ജൂലിച്ചേച്ചിയാണ്‌ എന്നെ സുബൈദയെന്ന സ്‌ത്രീയുടെ കൂടെവിട്ടത്‌. അവര്‍ എന്നെ ഓരോ സ്‌ഥലങ്ങളിലൊക്കെ കൊണ്ടുപോയി ഡ്രസ്സൊക്കെ അഴിപ്പിച്ച്‌ ഓരോരുത്തര്‍ക്കു കാണിച്ചുകൊടുക്കും. എന്നിട്ട്‌ എനിക്കു വിലപറയും. ചെറിയ കുട്ടിയാണ്‌. ആദ്യമായിട്ടാണ്‌ എന്നൊക്കെപ്പറഞ്ഞ്‌ ഒരുലക്ഷം രൂപവരെയൊക്കെ ചോദിക്കുമായിരുന്നു...'

മാംസവിപണിയില്‍ വിലപേശപ്പെടുന്ന കേരളീയ പെണ്‍ബാല്യത്തിന്റെ പ്രതീകമായി മാറിയ പറവൂര്‍ പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയിലെ ഒരു ഭാഗമാണിത്‌. 10-ാം ക്ലാസിന്റെ പടികടക്കുംമുമ്പേ ഇരുനൂറോളം പേര്‍ കൊത്തിവലിച്ച ഹതഭാഗ്യ. അവളെ ആദ്യമായി പീഡിപ്പിച്ചതു സ്വന്തം പിതാവാണെന്നു കേട്ടു കേരളം ഞെട്ടി. ഇരുനൂറോളം പേര്‍ക്കു മകളെ വിറ്റു ഭര്‍ത്താവ്‌ ആഡംബരജീവിതം നയിക്കുന്നതറിഞ്ഞിട്ടും സ്വന്തം സുരക്ഷയോര്‍ത്തു മറ്റാരോടും പറയാതെ കൂട്ടുനിന്നതു പെണ്‍കുട്ടിയുടെ മാതാവും!

എന്തും വിലയ്‌ക്കും വാങ്ങാവുന്ന (ഉപ)ഭോഗസംസ്‌ക്കാരത്തിന്റെ ഇര ഇവള്‍ മാത്രമല്ല. പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ എണ്‍പതോളം പ്രതികളെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ് ചെയ്‌തു. മിക്കവരും ഒട്ടേറെ പീഡനക്കേസുകളില്‍പ്പെട്ടവര്‍. ഇതിനിടെയാണു വരാപ്പുഴയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളി പുറംലോകം കേട്ടത്‌. അവളെ ലക്ഷം രൂപയ്‌ക്കു വിറ്റതു മാതാപിതാക്കള്‍. പലര്‍ക്കു കാഴ്‌ചവയ്‌ക്കാനായി പെണ്‍കുട്ടിയെ വിലയ്‌ക്കു വാങ്ങിയതു ശോഭാ ജോണ്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായി യൂണിഫോം ധരിപ്പിച്ചു പലയിടങ്ങളില്‍ പലര്‍ക്കായി കാഴ്‌ചവച്ചു സമ്പാദിച്ചതു ലക്ഷങ്ങള്‍... ഓര്‍മയില്ലേ ശോഭാ ജോണിനെ? പഴയ തന്ത്രിക്കേസില്‍ പ്രതിയായ വിവാദനായിക. ഇവര്‍ക്കു കൂട്ടിക്കൊടുപ്പും അനാശാസ്യപ്രവര്‍ത്തനവുമൊക്കെയുണ്ടെങ്കിലും ഇത്ര വിസ്‌തൃതമായിരിക്കും സാമ്രാജ്യമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍പോലും കരുതിയില്ല. വരാപ്പുഴ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണു ദക്ഷിണേന്ത്യയിലെ പെണ്‍വാണിഭസാമ്രാജ്യം നിയന്ത്രിക്കുന്ന അധോലോകനായികയെക്കുറിച്ചു വ്യക്‌തമായത്‌.

സ്‌കൂള്‍ കുട്ടികളിലാണത്രേ ശോഭാ ജോണിനു താല്‍പ്പര്യം. ഇത്തരം കുട്ടികളെ എന്തുവിലയ്‌ക്കും സ്വന്തമാക്കാന്‍ ശോഭ ശ്രമിച്ചിരുന്നു. വരാപ്പുഴയില്‍നിന്നു പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ശോഭ 'വാങ്ങിയതു' ലക്ഷം രൂപയ്‌ക്കാണെന്നതുതന്നെ ദൃഷ്‌ടാന്തം. പെണ്‍കുട്ടിയെ ആദ്യം ചെയ്‌തതു ബംഗളുരുവിലെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പഠിക്കാന്‍ വിട്ടത്‌ ഏതാനും ദിവസങ്ങള്‍ മാത്രം. ആവശ്യക്കാര്‍ക്കു മുന്നില്‍ സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ച്‌ എത്തിക്കുകയായിരുന്നു പ്രധാനലക്ഷ്യം. നാടുനീളെ പ്രചരിക്കുന്ന നീലച്ചിത്രങ്ങളിലും മറ്റും സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെയാണു കാണുന്നത്‌. ഇന്റര്‍നെറ്റിലെ അശ്ലീലചിത്രങ്ങളിലും സ്‌ഥിതി വ്യത്യസ്‌തമല്ല. എത്ര പ്രായമുള്ള കുട്ടിയാണെങ്കിലും സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ചു ചെറുപ്പമാക്കുന്നതാണത്രേ 'മാര്‍ക്കറ്റിംഗ്‌' തന്ത്രം. പോലീസ്‌ പിടികൂടിയാല്‍ ജനനത്തീയതി തിരുത്തിപ്പറഞ്ഞു പ്രായപൂര്‍ത്തിയായെന്നു പറയാനും ശോഭാ ജോണ്‍ മര്‍ദനത്തിനിരയാക്കി പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ പറയേണ്ട കള്ളപ്പേരും പറഞ്ഞുകൊടുത്തു. തുടര്‍ന്നു പോലീസ്‌ പിടിച്ചപ്പോള്‍ പെണ്‍കുട്ടി വയസും ജനനത്തീയതിയും മാറ്റിപ്പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ പേരിലും പോലീസ്‌ കേസെടുത്തു. യഥാര്‍ഥത്തില്‍ 1994 മേയിലാണു ജനിച്ചത്‌. ശോഭാ ജോണ്‍ പഠിപ്പിച്ചപ്രകാരം പോലീസിനോടു പറഞ്ഞത്‌ 1992 മേയിലാണു ജനനമെന്ന്‌. പെണ്‍കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കണ്ടുപിടിച്ച്‌ പോലീസ്‌ രജിസ്‌റ്റര്‍ തപ്പിയപ്പോഴാണു യഥാര്‍ഥ ജനനത്തീയതി മനസിലായത്‌. രമ്യ എന്ന കള്ളപ്പേരാണു പെണ്‍കുട്ടി തുടക്കത്തില്‍ പോലീസിനോടു പറഞ്ഞത്‌. അതിനാല്‍ മറ്റെല്ലാ കേസിലും പീഡനത്തിനിരയായ പെണ്‍കുട്ടി സാക്ഷിയാണെങ്കില്‍ ഇവിടെ പ്രതിയായി. മുഖ്യപ്രതി ശോഭാ ജോണ്‍ ഒളിവില്‍ വിലസുന്നു. പറവൂര്‍ പെണ്‍കുട്ടിയെ വില്‍ക്കുമ്പോള്‍ ഇടനിലക്കാരികള്‍ തമ്മില്‍ വിലപേശിയതിന്റെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്‌. സഹകരിക്കാതിരുന്നാല്‍ ക്രൂരമര്‍ദനം. മദ്യം ബലമായി വായിലൊഴിച്ചശേഷം പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിനോടു വിവരിച്ചു. തന്ത്രിയെ കുടുക്കാന്‍ ശോഭാ ജോണ്‍ ഉപയോഗിച്ചതു യുവതിയെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നതു കൊച്ചുകുട്ടികളെ.

ഇത്തരം കുട്ടികളെ വലവീശിപ്പിടിക്കാന്‍ ഏജന്റുമാരും സജീവമായി രംഗത്തുണ്ട്‌. പ്രായം കുറഞ്ഞ കുട്ടികളെ എത്തിച്ചാല്‍ ഏജന്റുമാര്‍ക്ക്‌ 'ആകര്‍ഷക കമ്മിഷനാ'ണത്രേ ശോഭഅടക്കമുള്ള പെണ്‍വാണിഭ നടത്തിപ്പുകാര്‍ നല്‍കുന്നത്‌. കാസര്‍ഗോഡ്‌ പട്ടല സ്വദേശിയായ പെണ്‍കുട്ടിയെ ലക്ഷം രൂപയ്‌ക്കാണു ശോഭ വാങ്ങിയത്‌.

ബംഗളുരുവിലെ സ്‌ഥിരം കേന്ദ്രത്തിലും കൊച്ചിയിലും തിരുവനന്തപുരത്തും പലര്‍ക്കായി കാഴ്‌ചവച്ചു ലക്ഷങ്ങള്‍ നേടി. വരാപ്പുഴയില്‍ പെണ്‍കുട്ടിയെ എത്തിച്ചതു ശോഭയുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരം സ്വദേശി റിട്ട. കേണല്‍ ജയരാജന്‍നായര്‍ക്കു കാഴ്‌ചവയ്‌ക്കാന്‍. കുട്ടി വഴങ്ങിയില്ലെങ്കില്‍ മര്‍ദിച്ചു കാര്യം നടത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ബിനില്‍കുമാറുമെത്തി. ശോഭ ചരടുവലിച്ച തന്ത്രിക്കേസിലും ബിനില്‍കുമാര്‍ പ്രതിയാണ്‌. പെണ്‍വാണിഭശൃംഖല വ്യാപകമായതോടെ ഇയാള്‍ ശോഭയുടെ ഗുണ്ടയായി.

വരാപ്പുഴയിലെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചപ്പോഴാണു നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ചു പോലീസില്‍ ഏല്‍പ്പിച്ചത്‌. ജയരാജന്‍നായരെ എറണാകുളത്തുനിന്നു ബിനില്‍കുമാറാണു വരാപ്പുഴയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്‌. പെണ്‍കുട്ടി വഴങ്ങാതായപ്പോള്‍ നിര്‍ബന്ധിപ്പിച്ചു മദ്യം കഴിപ്പിച്ചു. തുടര്‍ന്ന്‌ ബിനില്‍കുമാറും ജയരാജന്‍നായരും പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട്‌ എറണാകുളത്തിനു പോയി. അതോടെ ടി.വിയുടെ ശബ്‌ദം കൂട്ടിയും ജനലിലൂടെ ഉച്ചത്തില്‍ വിളിച്ചും പെണ്‍കുട്ടി നാട്ടുകാരുടെ ശ്രദ്ധയാകര്‍ഷിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ വീട്ടില്‍ വന്നുപോകുന്നവരെ നിരീക്ഷിച്ചു. രാത്രി ഇരുവരും വീണ്ടുമെത്തി പീഡനത്തിനു മുതിര്‍ന്നപ്പോഴാണു നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ മോചിപ്പിച്ചത്‌.

അന്വേഷണത്തില്‍ പീന്നീടു പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്‌റ്റിലായി. ശോഭയ്‌ക്കു പെണ്‍കുട്ടിയെ വിറ്റതിനും പീഡനത്തിനു കൂട്ടുനിന്നതിനുമാണു കാസര്‍ഗോഡ്‌ സ്വദേശിയായ രണ്ടാനച്‌ഛന്‍ കൃഷ്‌ണഗുലാല്‍ (57), ഭാര്യ സുന്ദരി എന്നിവര്‍ അറസ്‌റ്റിലായത്‌. പിതാവിന്റെ മരണശേഷം അമ്മതന്നെയാണു തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടിയെ ശോഭയ്‌ക്കു കൈമാറിയത്‌. പെണ്‍കുട്ടിയുടെ സഹോദരിയും കാമുകനും പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്കു കാഴ്‌ചവച്ചു. ഇരുനൂറോളം പേര്‍ പീഡിപ്പിച്ച പത്താംക്ലാസുകാരി പറവൂര്‍ പെണ്‍കുട്ടിക്കും ശോഭ വിലപറഞ്ഞിരുന്നു. ഇടനിലക്കാരന്‍ ജോഷി തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണു പെണ്‍കുട്ടിയെ ശോഭയ്‌ക്കുകാണിച്ചുകൊടുത്തത്‌. പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ മാറിനിന്നുള്ള 'വിലയിടല്‍'. പെണ്‍കുട്ടിയുടെ മൊഴിയില്‍ ശോഭയെ കണ്ട കാര്യമില്ല.

എന്നാല്‍, ജോഷി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്‌തമാക്കുന്നു. പെണ്‍കുട്ടിയെ ശോഭയ്‌ക്കു മുന്നില്‍ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ്‌ നടത്താന്‍ അന്വേഷകര്‍ പദ്ധതിയിട്ടെങ്കിലും അപ്പോഴേക്കു വരാപ്പുഴ പീഡനക്കേസില്‍ അവര്‍ ഒളിവില്‍പോയി.

വിലപറഞ്ഞു പെണ്‍കുട്ടിയെ സ്വന്തമാക്കിയാല്‍ വില്‍പ്പനയും ഇടപാടുമൊക്കെ ശോഭതന്നെയാണു നിയന്ത്രിക്കാറ്‌. തെന്നിന്ത്യയില്‍ മുഴുവന്‍ സഞ്ചരിച്ചുള്ള കച്ചവടം. പറവൂര്‍ പെണ്‍കുട്ടിയെ ബംഗളുരുവില്‍ എത്തിച്ച മനീഷ്‌, ശോഭാ ജോണിന്റെ കൂലിക്കാരനാണെന്നു സംശയിക്കുന്നു. ഇയാളെ പിടികൂടാനായിട്ടില്ല. ഇത്രകാലം പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ കഴിയാന്‍ സാധിക്കുന്നതു ശോഭയുടെ ഉന്നതബന്ധങ്ങളാലാണ്‌. പ്രമുഖരായിരുന്നു ഇവരുടെ ഇടപാടുകാരില്‍ ഏറെയും. ശബരിമല തന്ത്രിയെ പെണ്‍കേസില്‍ കുടുക്കി പണംകവര്‍ന്ന കേസിലാണു ശോഭാ ജോണ്‍ സംസ്‌ഥാനത്ത്‌ അറിയപ്പെട്ടത്‌. ബ്ലാക്ക്‌ മെയിലിംഗിലൂടെ ഉന്നത ഉദ്യോഗസ്‌ഥരെവരെ വരച്ചവരയില്‍ നിര്‍ത്തുന്നവര്‍. ഇപ്പോള്‍ പോലീസ്‌ പരക്കം പായുകയാണ്‌. നാലു സംസ്‌ഥാനങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ശോഭാ ജോണിനെ കണ്ടുപിടിക്കാനായില്ല. അവരുടെ ഉന്നതബന്ധങ്ങള്‍തന്നെ കാരണം.

ലാലേട്ടനെ വെട്ടാന്‍ മുംബൈ ലോബി

ലാലിനെ വെട്ടാന്‍ മുംബൈ ലോബി




മോഹന്‍ലാലിന്റെ വസതികളില്‍ നടന്ന ആദായ നികുതി റെയ്‌ഡിന്റെ പേരില്‍ നേട്ടമുണ്ടാക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമം തുടങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌. റെയ്‌ഡ് ചൂണ്ടിക്കാട്ടി ലാലിന്റെ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി തെറിപ്പിക്കാനാണ്‌ ഒരുവിഭാഗം ശ്രമിക്കുന്നത്‌. ബോളിവുഡ്‌ നടന്‍ നാനാ പടേക്കറെ ലഫ്‌. കേണലാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. മുന്‍പ്‌ ലാലിന്‌ ലഫ്‌. കേണ്‍ല്‍ പദവി നല്‍കുമ്പോള്‍ നാനാ പടേക്കറുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ആന്റണിയുടെ പിന്തുണയാണ്‌ ലാലിന്‌ തുണയായത്‌.

അന്ന്‌ ലാലിന്റെ വ്യക്‌തി ജീവിതത്തിലെ ചില കാര്യങ്ങള്‍ ചുണ്ടിക്കാട്ടിയാണ്‌ ലാലിന്റെ സ്‌ഥാനലബ്‌ധി തടയാന്‍ ശ്രമിച്ചത്‌. നാനാ പടേക്കറിനാണ്‌ മോഹന്‍ലാലിനേക്കാള്‍ യോഗ്യത എന്നായിരുന്നു ഇവരുടെ വാദം. ഇക്കാര്യത്തില്‍ സൈന്യത്തിലെ ചിലരുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ആന്റണിയുടെ ഇടപെടലോടെ ഇതു പരാജയപ്പെട്ടതിന്റെ പകവീട്ടാനാണ്‌ ഇപ്പോള്‍ ഇവരുടെ ശ്രമം. ലാലിന്റെ വീട്ടില്‍ റെയ്‌ഡ് നടക്കുകയും അദ്ദേഹത്തിന്‌ വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടെന്ന്‌ വാര്‍ത്തകല്‍ വരുകയും ചെയ്‌തതോടെ ഈ ഉത്തരേന്ത്യന്‍ ലോബി വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുകയാണ്‌. ലാലിന്റെ പദവി തെറിപ്പിക്കുകയെന്നതാണത്രേ ഇത്തവണ ഇവരുടെ ലക്ഷ്യം.

സ്വത്ത്‌ സംബന്ധിച്ച്‌ ആരോപണ വിധേയനായ ആളെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ്‌ ആവശ്യം. ആന്റണിയ്‌ക്ക് മേല്‍ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ താരങ്ങള്‍ക്കെതിരെ കടുത്ത നടപടിപാടില്ലെന്ന്‌ ആവശ്യപ്പെടാന്‍ ഒരു പ്രമുഖ സംവിധായകന്‍ എകെ ആന്റണിയെ ചെന്നുകണ്ടതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും താരങ്ങളുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ്‌ ആന്റണി പറഞ്ഞിരിക്കുന്നതെന്നാണ്‌ സൂചന.

എ അഗസ്റ്റിന്റെ മകന്‍ ബോബി നിര്യാതതനായി


റിട്ട. തഹസില്‍ദാര്‍ തൊടുപുഴ തൊട്ടിയില്‍ പരേതനായ എ അഗസ്റ്റിന്റെ മകന്‍ ബോബി നിര്യാതതനായി. 38 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തെനംകുന്ന്‌ പള്ളിയില്‍. മാതാവ്‌ അച്ചാമ്മ. ഭാര്യ സ്വപ്‌ന. മകന്‍: അലന്‍. നോബി സഹോദരനാണ്‌.

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

കുരുട്ടുകുന്നേല്‍അന്നക്കുട്ടി നിര്യാതയായി

കുരുട്ടുകുന്നേല്‍അന്നക്കുട്ടി നിര്യാതയായി

നെയ്യശ്ശേരി കുരുട്ടുകുന്നേല്‍അന്നക്കുട്ടി നിര്യാതയായി .സംസ്ക്കാരം തിങ്കള്‍ മൂന്നിന് നെയ്യശ്ശേരി പള്ളിയില്‍

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന 'മാതാപിതാക്കളും' നമുക്കു ചുറ്റും

മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന 'മാതാപിതാക്കളും' നമുക്കു ചുറ്റും




പത്താംക്ലാസുകാരിയായ പറവൂര്‍ പെണ്‍കുട്ടിയേയും പിതാവിനെയും മുംതാസ്‌ എന്ന ഇടനിലക്കാരിയാണു മൂന്നാറില്‍ കൊണ്ടുപോയത്‌. അവിടെ ഏറുമാടം പോലെയുള്ള റിസോര്‍ട്ടില്‍ കഴിയുന്ന ഫൈസലിനുവേണ്ടിയായിരുന്നു ഇടപാട്‌. അവിടെയുണ്ടായ അനുഭവത്തെപ്പറ്റി അവളുടെ മൊഴി ഇങ്ങനെ:

'കൂടെവന്നത്‌ ആരാണെന്നു ഫൈസല്‍ എന്നോടു ചോദിച്ചു. എന്റെ വാപ്പയാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ ഫൈസല്‍ ഞാനാരാണെന്നു വാപ്പയോടു ചോദിച്ചു. എന്റെ വകയിലെ കുട്ടിയാണെന്നു വാപ്പ പറഞ്ഞു. വാപ്പ എല്ലായിടത്തും അങ്ങനെയാണു പറഞ്ഞിരുന്നത്‌. പക്ഷേ, ഫൈസല്‍ എന്റെ വാക്കു വിശ്വസിച്ചു. റിസോര്‍ട്ടിന്റെ സിറ്റ്‌ഔട്ട്‌ പോലുള്ള സ്‌ഥലത്താണു വാപ്പയും മുംതാസും ഇരുന്നത്‌. ഞാന്‍ ചെറിയ കുട്ടിയായതുകൊണ്ടു കാര്യങ്ങളൊക്കെ അയാള്‍ ചോദിച്ചറിഞ്ഞു... പുറത്തിറങ്ങിയ ഫൈസല്‍ നിന്റെ മോള്‍തന്നെയല്ലേടാ അതെന്നു ചോദിച്ച്‌ വാപ്പയുടെ മുഖത്തടിച്ചു. മുംതാസിനിട്ടും അടി കൊടുത്തു' പിതാവ്‌ മകളെ കൂട്ടിക്കൊടുക്കുന്ന ക്രൂരസത്യമറിഞ്ഞ്‌ അവളെ ഉപദ്രവിക്കാതെ വിട്ടയച്ച ഫൈസലിനെപ്പോലെയായിരുന്നില്ല മറ്റുള്ളവര്‍. ജീവിതത്തിനു നോട്ടുകെട്ടുകളുടെ വിലമാത്രം കല്‍പ്പിക്കുന്ന ഇരുനൂറോളം പേരാണ്‌ ഒരുവര്‍ഷത്തിനിടെ അവളെ പിച്ചിച്ചീന്തിയത്‌.

'...വിനു പിറ്റേന്നു ജെസിചേച്ചിക്ക്‌ എന്നെ കൈമാറി. വീട്ടില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ പറ്റില്ലെന്നു പറഞ്ഞ്‌ ജെസിചേച്ചിയുടെ വീട്ടില്‍ അടച്ചിട്ടു. ചേച്ചി ഞാന്‍ കേള്‍ക്കാന്‍വേണ്ടി എന്റെ വാപ്പയെ വിളിച്ചുപറഞ്ഞു, അധികം വിളച്ചിലെടുത്താല്‍ ഞാന്‍ പുറംലോകം കാണില്ലെന്ന്‌. ജെസിചേച്ചിയുടെ കോയമ്പത്തൂരിലെ വീട്ടില്‍ ഒന്‍പതു പേരാണ്‌ എന്നെ ഉപദ്രവിച്ചത്‌. ഈ സമയം എനിക്കു മെന്‍സസ്‌ ആയതിനാല്‍ നിര്‍ബന്ധിപ്പിച്ചു ഗുളിക കഴിപ്പിച്ചു. അവിടെ പൂജയെന്ന കുട്ടിയുമുണ്ടായിരുന്നു. അതിനെയും ഇതിനുതന്നെയാണു കൊണ്ടുവന്നത്‌...' പറവൂര്‍ പെണ്‍കുട്ടി തുടരുന്നു. അവള്‍ക്കു വിലപേശിയതും പെണ്ണിന്റെ ശാരീരികപ്രക്രിയകളെപ്പോലും വകവയ്‌ക്കാതെ ക്രൂരമായി പെരുമാറിയതും പെണ്ണായിപ്പിറന്നവള്‍തന്നെ. അവളെ കൂട്ടിക്കൊണ്ടു നടന്നു വിറ്റതാകട്ടെ സ്വന്തം പിതാവ്‌. ഒരു പെണ്ണിനും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ക്രൂരതകള്‍ അവള്‍തന്നെ വിവരിക്കുന്നു.

'...എന്നെ ബംഗളുരുവില്‍ കൊണ്ടുപോയ സമയം ലോഡ്‌ജില്‍ കിടക്കുമ്പോള്‍ മനീഷ്‌ എന്നെ പീഡിപ്പിച്ചു. വാപ്പ മുറിയില്‍ കിടക്കുമ്പോള്‍തന്നെ. വാപ്പ അതു കണ്ടില്ലെന്നു നടിച്ചു. വാപ്പയെ ഞാന്‍ ഒരുപാടുനേരം തട്ടിവിളിച്ചുനോക്കി. വാപ്പ അനങ്ങിയില്ല...' വല്ല വിധേനയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍, ഉറക്കം നടിക്കുന്ന സ്വന്തം പിതാവിനെ കുലുക്കിവിളിക്കുന്ന പെണ്‍കുട്ടിയുടെ ദൈന്യം ആര്‍ക്കു താങ്ങാനാകും.'...കാര്‍ ഒരിടത്തെത്തിയപ്പോള്‍ നീതുചേച്ചിയും അവരുടെ അമ്മയും കയറി. പിന്നെ ശില്‍പ്പ എന്ന കുട്ടിയേയും കാറില്‍ കയറ്റി. ഞങ്ങള്‍ ഒന്നിച്ചു നെടുമ്പാശേരി ഹോട്ടലിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ നീതുചേച്ചിയുടെ അമ്മയെ തിരികെവിട്ടു. എന്നിട്ട്‌ അവിടെ രണ്ടു റൂമെടുത്തു. ഒന്നില്‍ സാദിക്കും ശില്‍പ്പയും. മറ്റേ റൂമില്‍ ഞാന്‍, വാപ്പ, മുജീബ്‌, നീതു ഇവരത്രയും. നാലുപേരും ഒന്നിച്ചാണു കിടന്നത്‌'.

പറവൂര്‍ പെണ്‍കുട്ടി വാപ്പയെന്നു വിളിക്കുന്ന മനുഷ്യനെ സമൂഹം എന്തുവിളിക്കണം? വരാപ്പുഴ പെണ്‍കുട്ടിയെ ലക്ഷം രൂപയ്‌ക്കു വിറ്റതു സ്വന്തം അമ്മതന്നെ. കോതമംഗലത്തെ പെണ്‍കുട്ടി നോട്ടുകെട്ടുകളുമായി വീട്ടില്‍ വന്നുകയറുമ്പോള്‍ എവിടെനിന്നു ലഭിച്ചെന്നു പിതാവ്‌ ചോദിച്ചിരുന്നില്ല. രാത്രികളില്‍ വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോകുമ്പോള്‍ തടഞ്ഞതുമില്ല. മട്ടന്നൂര്‍ പെണ്‍കുട്ടിയുടെ പിതാവ്‌ മൈക്ക്‌ അനൗണ്‍സറായിരുന്നു. കാസറ്റിനും മറ്റും പാടിക്കാനെന്ന വ്യാജേനയാണു പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്‌ചവയ്‌ക്കാന്‍ വിവിധയിടങ്ങളിലെത്തിച്ചത്‌. പീഡിപ്പിച്ചതാകട്ടെ ഉന്നതരും.

പറവൂര്‍ പെണ്‍കുട്ടിയുടെ പിതാവ്‌ ആയിരങ്ങള്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി പെണ്‍കുട്ടിയെ ഇടനിലക്കാര്‍ക്കൊപ്പം വിട്ടു. എന്നാല്‍ മട്ടന്നൂരിലെ പിതാവ്‌ ഒരു കുപ്പി റമ്മിനായിപ്പോലും പെണ്‍കുട്ടിയെ പലര്‍ക്കു മുന്നിലെത്തിച്ചു. കോതമംഗലം പെണ്‍കുട്ടിക്കായി വലവിരിച്ച്‌ പെണ്‍വാണിഭസംഘത്തിലെ 'ആന്റി'മാര്‍ കാത്തുനിന്നിരുന്നു. അപ്പോഴേക്കു കുട്ടി ഗര്‍ഭിണിയായി തലകറങ്ങി ക്ലാസില്‍ വീഴുകയും സംഭവം പോലീസ്‌ അറിയുകയും ചെയ്‌തു.

തിരുവനന്തപുരത്തെ പ്രശസ്‌ത വിദ്യാലയം. ഇടത്തരം കുടുംബമാണെങ്കിലും മകളുടെ ഭാവിയോര്‍ത്താണു മാതാപിതാക്കള്‍ കനത്ത ഫീസ്‌ നല്‍കി ഈ സ്‌കൂളില്‍ത്തന്നെ ചേര്‍ത്തത്‌. കുട്ടി ഒന്‍പതാം ക്ലാസിലേക്കു നല്ല മാര്‍ക്കോടെ ജയിച്ചു. പെട്ടെന്നാണ്‌ അവളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്‌. സദാ മ്ലാനത. വീട്ടിലും സ്‌കൂളിലും ആരോടും മിണ്ടാട്ടമില്ല. വീട്ടുകാരും അധ്യാപകരും പലവട്ടം ചോദിച്ചിട്ടും അവള്‍ കാരണം പറഞ്ഞില്ല. കൗമാരക്കാരിലുണ്ടാകുന്ന മാറ്റങ്ങളെന്നോര്‍ത്തു മാതാപിതാക്കള്‍ സമാധാനിക്കാന്‍ ശ്രമിച്ചു. പഠനത്തില്‍ ഒരുപാടു പിന്നാക്കം പോയതോടെ അധ്യാപകര്‍തന്നെയാണു പെണ്‍കുട്ടിക്കു കൗണ്‍സലിംഗ്‌ നിര്‍ദേശിച്ചത്‌. അവളെയും കൂട്ടി രക്ഷിതാക്കള്‍ സംസ്‌ഥാന വനിതാ കമ്മിഷനിലെ കൗണ്‍സലര്‍ പുഷ്‌പയെ സമീപിച്ചു. കൗണ്‍സലിംഗില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പെണ്‍കുട്ടി വെളിപ്പെടുത്തിയത്‌.

അവളെ ചിലര്‍ പീഡനത്തിനിരയാക്കി ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. പിന്നെ ബ്ലാക്‌ മെയിലിംഗായി. കൂട്ടുകാരികളാണ്‌ അവളെ ഒരു 'പയ്യനു' പരിചയപ്പെടുത്തിയത്‌. നഗരത്തിലെ കോളജില്‍ എം.ബി.എയ്‌ക്കു പഠിക്കുകയാണെന്നു ഗ്ലാമര്‍ പയ്യന്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. ആണ്‍സൗഹൃദത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു കൂട്ടുകാരികളുടെ പ്രലോഭനം. ഒടുവില്‍ പെണ്‍കുട്ടി പയ്യന്റെ വലയില്‍ വീണു. പെണ്‍കുട്ടിയുടെ പിറന്നാള്‍ ഒന്നിച്ച്‌ ആഘോഷിക്കാമെന്നായി കൂട്ടുകാരികളും കൂട്ടുകാരനും. ഒന്നിച്ച്‌ ഒരു റൂമില്‍ സമ്മേളിച്ചു ഭക്ഷണം വിളമ്പി. അവര്‍ കൊടുത്ത ബിയര്‍ കുടിച്ചശേഷം മയങ്ങിപ്പോയെന്നാണു പെണ്‍കുട്ടി കൗണ്‍സലിംഗിനിടെ പറഞ്ഞത്‌. അതിനിടെ അരുതാത്തതെല്ലാം സംഭവിച്ചു.

യഥാര്‍ഥത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരികളും ഇത്തരത്തില്‍ ചതിക്കപ്പെട്ട്‌ ഈ സംഘത്തിന്റെ വലയില്‍ വീണവരായിരുന്നു. ആ ദൃശ്യങ്ങളൊക്കെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. കൂട്ടുകാരികളെക്കൂടി സംഘത്തില്‍ കണ്ണിചേര്‍ക്കാനുള്ള ബ്ലാക്‌ മെയിലിംഗിന്റെ ഇരകളായിരുന്നു അവരത്രയും. എം.ബി.എക്കാരനെന്നും ഐടിക്കാരനെന്നും പറഞ്ഞു പെണ്‍കുട്ടികളെ വളയ്‌ക്കാനിറങ്ങിയവര്‍ പക്ഷേ, പത്താംക്ലാസും തരികിടകളുമായി അലഞ്ഞുനടക്കുന്നവരായിരുന്നു.

പെരുമ്പടത്തെ സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങിയ ആറാംക്ലാസുകാരിക്കു മുന്നില്‍ പ്രലോഭനവുമായി അവതരിച്ചതു സ്‌കൂട്ടിയിലെത്തിയ 'ആന്റി'യാണ്‌. വണ്ടിയില്‍ കയറിയാല്‍ അമ്മയുടെ അടുത്തെത്തിക്കാമെന്നു വാഗ്‌ദാനം. വേണ്ടെന്നു പറഞ്ഞ്‌ മാറിനിന്നപ്പോള്‍ ബലം പ്രയോഗിച്ചു വണ്ടിയില്‍ കയറ്റാനായി ശ്രമം. പെണ്‍കുട്ടി അവിടെനിന്ന്‌ ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ പോലീസില്‍ അറിയിച്ചു. സംഭവം വിശ്വസനീയമാണെന്നു പറയുമ്പോഴും പോലീസിന്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാരാണെന്നു വ്യക്‌തമായിട്ടില്ല. പീഡനവാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിലെ ഓരോ രക്ഷിതാവിനും ഉള്ളില്‍ തീയാണ്‌. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങുന്ന ആന്റിമാര്‍ പല ഉന്നത പെണ്‍വാണിഭസംഘങ്ങളുടെയും പിണിയാളുകളാണ്‌. തിരുവനന്തപുരത്തെ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ഥിനിയെ പെണ്‍വാണിഭസംഘത്തിലേക്ക്‌ ആകര്‍ഷിപ്പിച്ച കൂട്ടുകാരികള്‍ ചൂഷണത്തിന്റെ പേരിലായാലും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതുപോലെയാണു മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നതും ഇരകളാക്കപ്പെടുന്നതും.

പറവൂര്‍, വരാപ്പുഴ, മട്ടന്നൂര്‍ കേസുകളിലെ പെണ്‍കുട്ടികള്‍ ഒരുവിധേന രക്ഷപ്പെട്ടവരാണ്‌. എന്നാല്‍ പറവൂര്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന നീതുവും ശില്‍പ്പയുമൊക്കെ ഇപ്പോഴും പീഡിപ്പിക്കപ്പെടുകയാവാം. ഏതൊരു പീഡനക്കേസും മഞ്ഞക്കണ്ണടയിലൂടെ മാത്രം കാണുന്ന, 'അവള്‍ പോക്കുകേസ്‌' എന്നു വിലയിരുത്തുന്ന സമൂഹം സ്‌ഥിരമായി ഉയര്‍ത്തുന്ന ഒരുചോദ്യമുണ്ട്‌.

ഇത്രയേറെപ്പേര്‍ പീഡിപ്പിച്ചിട്ടും ഇത്രയൊക്കെ സ്‌ഥലങ്ങളില്‍ പോയിട്ടും ഇവളെന്താ രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നത്‌? സൂര്യനെല്ലിക്കേസ്‌ മുതല്‍ മനഃസാക്ഷിയില്ലാതെ മലയാളി ഉന്നയിക്കുന്ന ചോദ്യം.

പി.ടി. തോമസ്‌ എം.പി.ക്ക്‌ മികച്ച പാര്‍ലമെന്റ്‌ അംഗത്തിനുള്ള പുരസ്‌കാരം


പാലാ : രാജീവ്‌ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മികച്ച പാര്‍ലമെന്റ്‌ അംഗത്തിനുള്ള ചെറിയാന്‍ ജെ. കാപ്പന്‍ പുരസ്‌കാരം പി.ടി. തോമസ്‌ എം.പി.ക്ക്‌ നല്‍കി. പാലായില്‍ വച്ച്‌ നടന്ന ചടങ്ങില്‍ പത്മഭൂഷന്‍ ഡോ. കെ. ജെ. യേശുദാസാണ്‌ പുരസ്‌കാരം നല്‍കിയത്‌. ചടങ്ങില്‍ മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്‌ എന്നിവര്‍ പങ്കെടുത്തു.

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

നയനിക വിമന്‍സ്‌ ബ്യൂട്ടീക്ക്


തൊടുപുഴ: അഭിരുചികള്‍ക്കനുസരിച്ചു പുളിമൂട്ടില്‍ സില്‍ക്ക്‌സിന്റെ തൊടുപുഴ ഷോറൂമില്‍ ആരംഭിച്ച നയനിക വിമന്‍സ്‌ ബ്യൂട്ടീക്കിന്‌ ഉപയോക്താക്കളില്‍ നിന്ന്‌ മികച്ച പ്രതികരണമാണുള്ളതെന്നു മാനേജ്‌മെന്റ്‌ . പലവിഭാഗങ്ങളിലായി ഷോപ്പിംഗ്‌ ചെയ്യുവാനുള്ള അസൗകര്യം ഒഴിവാക്കി ഒരുസ്ഥലത്തുനിന്നും സ്‌ത്രീകള്‍ക്ക്‌ ഷോപ്പിംഗ്‌ നടത്താമെന്നതാണ്‌ ഏറ്റവും വലിയ സൗകര്യം. ബ്രൈഡല്‍ കളക്ഷന്‍ ഈ വിഭാഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പരമ്പരാഗത പട്ടുകള്‍ക്ക്‌ പുറമെ മംഗല്യപ്പട്ടുകളിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും, ഫാഷനുകളും അണിനിരക്കുന്ന നയനികയില്‍ പട്ടുസാരികളും വെഡിംഗ്‌ ഗൗണുകളും ഒരുക്കിയിട്ടുണ്‌ട്‌.
സാരികള്‍ക്ക്‌ പുറമെ യൗവനത്തിനു യോജിച്ച പുത്തന്‍ ഫാഷല്‍ വൈവിധ്യങ്ങളും നയനിക അണിനിരത്തുന്നു. ജീന്‍സ്‌-ടോപ്പുകള്‍, മിഡികള്‍, ഫ്രോക്കുകള്‍, മിക്‌സ്‌ ആന്‍ഡ്‌ മാച്ച്‌ തുണിത്തരങ്ങള്‍ തുടങ്ങി ഓരോ വസ്‌ത്രശേഖരങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങളാണ്‌ നയനികയിലുള്ളത്‌.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

മറയൂര്‍ ചന്ദനഫാക്‌ടറി ഉദ്‌ഘാടനം വെള്ളിയാഴ്ച


തൊടുപുഴ: കേരള വനംവികസന കോര്‍പറേഷന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമയില്‍ മറയൂരില്‍ സ്ഥാപിക്കുന്ന ചന്ദനഫാക്‌ടറിയുടെ ഉദ്‌ഘാടനം വെള്ളിയാഴ്ച വനംവകുപ്പ്‌ മന്ത്രി കെ.ബി ഗണേശ്‌കുമാര്‍ നിര്‍വഹിക്കും. ഉച്ചയ്‌ക്ക്‌ 12 ന്‌ മറയൂര്‍ ചന്ദനഫാക്‌ടറി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ എസ്‌ രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മുന്‍ വനംവകുപ്പ്‌ മന്ത്രി ബിനോയി വിശ്വം മുഖ്യപ്രഭാഷണം നടത്തും. വനംവന്യജീവി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, കെ എഫ്‌ ഡി സി മാനേജിംഗ്‌ ഡയറക്‌ടര്‍ അമര്‍നാഥ ഷെഡ്ഡി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അലക്‌സ്‌ കോഴിമല, പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ടി എം മനോഹരന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍മാരായ എന്‍ വി ത്രിവേദി ബാബു, ആര്‍.ആര്‍ ശുക്ല, ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.കറുപ്പുസ്വാമി, മറയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ ഹെന്‍റി ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഡി. കുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കെ.പി രാജന്‍, ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പാപ്പ കാളിയപ്പന്‍, ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ ജസ്റ്റിന്‍ സ്റ്റാന്‍ലി, ഡിവിഷണല്‍ മാനേജര്‍ പി വി ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മോട്ടോര്‍വാഹന രംഗത്തു നിന്നും ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞ സോജന്‍ മാത്യുവിന്‌ സംസ്ഥാന അവാര്‍ഡ്‌


തൊടുപുഴ: ദീര്‍ഘകാലം മോട്ടോര്‍വാഹന രംഗത്ത്‌ പ്രവര്‍ത്തിച്ചശേഷം ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞ യുവകര്‍ഷകന്‌ മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ്‌. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുളപ്പുറം കോട്ടക്കവല ചെട്ടുപറമ്പില്‍ സോജന്‍ മാത്യുവാണ്‌ ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡിന്‌ അര്‍ഹനായത്‌. 1982 മുതല്‍ ടാക്‌സി കാര്‍ സ്വന്തമായും വാടകയ്‌ക്കും നല്‍കി വന്ന സോജന്‍ 1992 ലാണ്‌ ക്ഷീരകൃഷിയിലേക്ക്‌ തിരിഞ്ഞത്‌. മൂന്ന്‌ കാറുകളും ഒരു മിനി ലോറിയും ഉപേക്ഷിച്ചാണ്‌ പശുവളര്‍ത്തലിലേക്ക്‌ തിരിഞ്ഞത്‌. കൃഷിയോടും പശുക്കളോടുമുള്ള സോജന്റെ അടുപ്പം ഇവിടെയെത്തുന്നവര്‍ക്ക്‌ കാണാനാകും. വൃത്തിയും വെടിപ്പുമുള്ള തൊഴുത്താണ്‌ ഒന്നാമത്തെ ആകര്‍ഷണം. ഒരു പശുവില്‍ തുടങ്ങിയ ക്ഷീരകൃഷി ഇപ്പോള്‍ 26 പശുക്കളുമായി മുന്നേറുകയാണ്‌. എച്ച്‌.എഫ്‌ -8 പശുക്കളും ജേഴ്‌സി പശുക്കളുമാണ്‌ സോജന്‍ വളര്‍ത്തുന്നത്‌. ദിവസവും രണ്ട്‌ കറവയാണ്‌ നടത്തുന്നത്‌. വെളുപ്പിന്‌ മൂന്ന്‌ മണിക്കും ഉച്ചക്ക്‌ രണ്ട്‌ മണിക്കും. ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും പിന്നീടുള്ളത്‌ മില്‍മയിലും ആവശ്യക്കാര്‍ വീട്ടില്‍ വന്നും പാല്‍ വാങ്ങുന്നുണ്ട്‌. വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ കാലിത്തീറ്റ പശുക്കള്‍ക്ക്‌ കൊടുക്കും. ഒരു ലിറ്റര്‍ പാലിന്‌ 450 ഗ്രാം കാലിത്തീറ്റ എന്ന അളവിലാണ്‌ നല്‍കുന്നത്‌. വാങ്ങുന്ന വൈക്കോലും സ്വന്തമായി കൃഷി ചെയ്‌ത്‌ വളര്‍ത്തിയെടുക്കുന്ന പുല്ലും നല്‍കുന്നു. നാലരയേക്കര്‍ കൃഷിയിടത്തില്‍ മൂന്നരയേക്കറിലും പുല്‍കൃഷിയാണ്‌ ചെയ്‌തിരിക്കുന്നത്‌. പുല്ലു മുറിക്കാന്‍ ഒരു ജോലിക്കാരന്‍ ഉള്ളതൊഴിച്ചാല്‍ ബാക്കി പണികളെല്ലാം സോജനും ഭാര്യ ഷാജിയും മകന്‍ മനുവും ചേര്‍ന്നാണ്‌ നടത്തുന്നത്‌. 1993 ല്‍ ചെറിയ തോതില്‍ ആരംഭിച്ച ക്ഷീരകൃഷി പിന്നീട്‌ വികസിപ്പിക്കുകയായിരുന്നു. 26 പശുക്കളില്‍ നിന്നായി ശരാശരി 300 ലിറ്ററോളം പാല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. ചിലവ്‌ കഴിഞ്ഞ്‌ പ്രതിദിനം രണ്ടായിരത്തോളം രൂപ ലഭിക്കുന്നുണ്ടെന്ന്‌ അഭിമാനത്തോടെ സോജന്‍ പറഞ്ഞു. പ്രതിദിനം 250 കിലോയോളം കാലിത്തീറ്റയാണ്‌ ചെലവ്‌ വരുന്നത്‌. ഇതിനു മുന്‍പ്‌ മികച്ച ക്ഷീരകര്‍ഷകനുള്ള ജില്ലാതലത്തിലുള്ള അവാര്‍ഡും ബ്ലോക്ക്‌ തലത്തിലുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. 2007 ല്‍ നടന്ന കാര്‍ഷികമേളയില്‍ മികച്ച ഫാമിനുള്ള രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കാര്‍ഷിക മേളയില്‍ ലഭിച്ച അംഗീകാരമാണ്‌ ഈ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കാരണമായതെന്നും സോജന്‍ പറഞ്ഞു. 2007 ല്‍ തന്നെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനുള്ള പഞ്ചായത്ത്‌ തല അവാര്‍ഡും ലഭിച്ചിരുന്നു. കൂടുതല്‍ പാലുള്ള പശുക്കളെ രാത്രി ഒന്‍പതു മണിക്കാണ്‌ കറക്കുന്നത്‌. പശു വളര്‍ത്തലിന്‌ കരിമണ്ണൂരിലുള്ള വെറ്ററിനറി സര്‍ജന്‍ ഡോ. ഹേമയുടെ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രയോജനം ചെയ്‌തിട്ടുണ്ട്‌. സ്വന്തമായിട്ടാണ്‌ പശുക്കളെ ചികിത്സിക്കുന്നത്‌. അറുപതിനായിരം രൂപ വരെ വിലയുള്ള പശുക്കള്‍ ഈ ഫാമിലുണ്ട്‌. ഇത്‌ പൊള്ളാച്ചിയില്‍ നിന്നും കൊണ്ടുവന്നവയാണ്‌. പുരാതന കര്‍ഷക കുടുംബമായ ചെട്ടുപറമ്പില്‍ വീട്ടിലേക്ക്‌ അംഗീകാരം വന്നതിന്റെ സന്തോഷത്തിലാണ്‌ സോജനും പിതാവ്‌ മാത്യുവും കുടുംബാംഗങ്ങളും. ഈ രംഗത്ത്‌ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള പരിശ്രമത്തിലാണ്‌ ഈ യുവകര്‍ഷകന്‍. വിലാസം: സോജന്‍ മാത്യു, ചെട്ടുപറമ്പില്‍ വീട്‌, മുളപ്പുറം പി.ഒ. കരിമണ്ണൂര്‍. ഫോണ്‍: 9447153925

വൃക്കരോഗികള്‍ക്ക്‌ സാന്ത്വനവുമായി ജേസീസ്‌ പ്രവര്‍ത്തകര്‍


തൊടുപുഴ: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയുമായി ജേസീസും രംഗത്ത്‌. സ്വന്തം വൃക്കദാനം ചെയ്‌ത വൃക്ക രോഗികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ നടത്തി വരുന്ന കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമ്മേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനാണ്‌ ജേസീസ്‌ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ നാലിന്‌ തൊടുപുഴയില്‍ സാന്ത്വനം കുടുംബസംഗമവും കലാസന്ധ്യയും നടത്തുന്നത്‌. തൊടുപുഴ വാഴക്കുളം, വഴിത്തല, അരിക്കുഴ, കരിങ്കുന്നം, കൂത്താട്ടുകുളം, കോതമംഗലം, ഇടുക്കി, നെടുങ്കണ്ടം, അടിമാലി, രാജകുമാരി മേഖലകളിലെ ജേസീസ്‌ യൂണിറ്റുകളാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. വൃക്കദാതാക്കളും വൃക്കസ്വീകര്‍ത്താക്കളും ഈ വേദിയില്‍ അനുഭവം പങ്കുവെയ്‌ക്കും. ഇതുവഴി വൃക്കദാനത്തിന്‌ കൂടുതല്‍ പേരെ സന്നദ്ധരാക്കുകയാണ്‌ ലക്ഷ്യം. വൃക്കരോഗികള്‍ക്ക്‌ സാന്ത്വനം നല്‍കുക, സാമ്പത്തികസഹായം നല്‍കുക, അവരുടെ വേദനകള്‍ അറിയുക തുടങ്ങിയവയാണ്‌ ജേസീസ്‌ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്‌. സെപ്‌റ്റംബര്‍ നാലിന്‌ വൈകുന്നേരം 4.30 ന്‌ തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പാരിഷ്‌ ഹാളിലാണ്‌ മഹാകുടുംബസംഗമം സംഘടിപ്പിച്ചിരിക്കുന്നത്‌. മന്ത്രിമാര്‍, വ്യവസായപ്രമുഖര്‍, മതനേതാക്കള്‍, രാഷ്‌ട്രീയസാമൂഹിക സാംസ്‌കാരിക കലാരംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുടുംബസംഗമത്തിന്‌ ശേഷം അര്‍ഹരായ രോഗികള്‍ക്ക്‌ ഡയാലിസിസിനുള്ള സഹായവിതരണം നടക്കും. തുടര്‍ന്ന്‌ കൊച്ചിന്‍ കലാ കമ്യൂണിക്കേഷന്‍സ്‌, എയ്‌ഞ്ചല്‍ വോയ്‌സ്‌ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഗാനമേള, റോപ്പ്‌ ഡാന്‍സ്‌, ഫയര്‍ ഡാന്‍സ്‌, സ്‌നേക്ക്‌ ഡാന്‍സ്‌ തുടങ്ങിയവ അരങ്ങേറും. ജേസീസ്‌ സോണ്‍ പ്രസിഡന്റ്‌ അഡ്വ. റൊണാള്‍ഡ്‌ പോള്‍, ഡോ. ഏലിയാസ്‌ തോമസ്‌ (ജനറല്‍ കണ്‍വീനര്‍), ജിജി ജോസഫ്‌, പ്രഫ. സാംസണ്‍ തോമസ്‌, ജെ. വെങ്കിടേശ്വരന്‍, ഷൈജോ ജോസഫ്‌, റോയി കാവാട്ട്‌, ടോമി അഗസ്റ്റ്യന്‍ (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന സംഘാടകസമിതി പ്രവര്‍ത്തനം ആരംഭിച്ചു.

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു തൂങ്ങി മരിച്ചു

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു തൂങ്ങി മരിച്ചു .തൊടുപുഴ അരക്കപ്പര വള്ളിയില്‍ഷാജി ജെസ്സി എന്നിവരാണ്‌ മരിച്ചത് .ശനിയഷ്ച്ചരാത്രി പന്ത്രണ്ടോടെയാണ് സംഭവം .അഞ്ചിരി ചിങ്ങം തോട്ടത്തില്‍ കുടും ബാനഗമാണ് ജെസ്സി .രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട് .

കണ്ണിക്കാട്ട്‌ കെ എം ജോര്‍ജ്ജ്‌ (62) നിര്യാതനായി.


തൊടുപുഴ : കണ്ണിക്കാട്ട്‌ ട്രേഡിംഗ്‌ കമ്പനി ഉടമ തൊടുപുഴ ഈസ്റ്റ്‌ കണ്ണിക്കാട്ട്‌ കെ എം ജോര്‍ജ്ജ്‌ (62) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ എല്‍സമ്മ കുറവിലങ്ങാട്‌ കണ്ണന്തറ കുടുംബാംഗം. മക്കള്‍: അപ്പു, അനൂപ്‌. മരുമക്കള്‍: ദിവ്യ തോട്ടത്തില്‍ (ഉദയംപേരൂര്‍), ദീപ തരകന്‍ കുടുംബം(തൃശ്ശൂര്‍). കണ്ണിക്കാട്ട്‌ ട്രേഡിംഗ്‌ കമ്പനി തൊടുപുഴ, അടിമാലി, വടക്കാഞ്ചേരി, കണ്ണിക്കാട്ട്‌ അഗ്രികോം, പറവൂര്‍, പെരുമ്പാവൂര്‍, കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവയുടെ ഉടമയാണ്‌.

2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഡിപോള്‍ സ്കൂളില്‍ ബോതവല്‍ക്കരണ ക്ലാസ്സ്‌

ഡിപോള്‍ സ്കൂളില്‍ ബോതവല്‍ക്കരണ ക്ലാസ്സ്‌

തൊടുപുഴയിലെ ബസ്‌ സമരത്തെ കുറിച്ച്

തൊടുപുഴയിലെ ബസ്‌ സമരത്തെ കുറിച്ച് വി ബി സി ന്യൂസില്‍ വന്ന വാര്‍ത്തയും അവലോകനവും

അഡ്വ. സാബു അബ്രാഹിമിന്റെ പിതാവ്‌


തൊടുപുഴ : തൊമ്മന്‍കുത്ത്‌ മററപ്പിള്ളില്‍ എം.കെ അബ്രഹാം ( മോനിസാര്‍ 76 , റിട്ട.പോലീസ്‌ ആഫീസര്‍ ) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ്‌ 14 ഞായര്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മുളപ്പുറം സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ പള്ളിയില്‍. ഭാര്യ സാറാമ്മ (റിട്ട. ടീച്ചര്‍ മുളപ്പുറം യു.പി.എസ്‌) നെല്ലുക്കല്‍ കുടുംബാഗം. മക്കള്‍ അഡ്വ.സാബു അബ്രാഹം (കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ , കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്‌ മെംബര്‍ ) .അബു അബ്രാഹം (എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വൈക്കം) നിബുഅബ്രാഹം (യു.കെ) മരുമക്കള്‍: ജയ ആലക്കല്‍ (ടീച്ചര്‍, ഗവ.യു.പി.എസ്‌ നെടുമറ്റം ) ഫെമിന പടിഞ്ഞാറെക്കര ചാത്തമറ്റം (ടീച്ചര്‍, എസ്‌.എന്‍.എം.എച്ച്‌.എസ്‌.എസ്‌ വണ്ണപ്പുറം) സുഷുമ കല്ലുങ്കല്‍ കുറുപ്പുംപടി (യു.കെ)

മൂന്ന്‌ വയസ്സുള്ള ആരോമലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ശിക്ഷിച്ചു.





തൊടുപുഴ: മാതാവും പിതാവും വല്യപ്പനും ചേര്‍ന്ന്‌ മൂന്ന്‌ വയസ്സുള്ള ആരോമലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക്‌ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി റ്റി.യു മാത്തുക്കുട്ടി രണ്ടരവര്‍ഷം വീതം തടവും 3000 രൂപ വീതം പിഴയും ശിക്ഷിച്ചു.
ആരോമലിന്റെ പിതാവ്‌ ഉടുമ്പഞ്ചോല കൈലാസം പത്തേക്കര്‍ ഭാഗത്ത്‌ കൊച്ചുപുരയ്‌ക്കല്‍ വീട്ടില്‍ ബെന്നി (28), ഭാര്യ മഞ്‌ജു (26), ബെന്നിയുടെ പിതാവ്‌ കൊച്ച്‌ എന്ന്‌ വിളിക്കുന്ന ആന്റണി (57) എന്നിവരാണ്‌ പ്രതികള്‍.
ബെന്നിയും മഞ്‌ജുവും കൂടി കൈലാസം പള്ളി വികാരി ഫാ. മര്‍ക്കോസിനെ സമീപിച്ച്‌ തങ്ങളെ വിവാഹം ചെയ്‌ത്‌ തരണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ ഹാജരാക്കിയാല്‍ വിവാഹം ചെയ്‌തു കൊടുക്കാമെന്ന്‌ പറഞ്ഞ്‌ ഇരുകൂട്ടരെയും അച്ചന്‍ മടക്കി അയച്ചു. അപ്പോഴാണ്‌ ഇവര്‍ക്ക്‌ മൂന്ന്‌ വയസ്സുള്ള ആരോമല്‍ എന്ന പേരുള്ള ഒരു കുട്ടിയുള്ള വിവരം അച്ചന്റെ ശ്രദ്ധയില്‍ പെട്ടത്‌.
പിന്നീട്‌ ഈ കുട്ടിയെ മാതാപിതാക്കളും വല്യപ്പനും ചേര്‍ന്ന്‌ നിരന്തരം ദേഹോപദ്രവം ഏല്‍പിക്കുന്നതായും കുട്ടിയുടെ ദീനരോദനം കേള്‍ക്കുന്ന വിവരവും അയല്‍വാസികള്‍ വഴി അച്ചന്‍ അറിഞ്ഞു. ബെന്നിയെ പള്ളിയില്‍ വിളിച്ചു വരുത്തി മനുഷ്യജീവിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പിക്കരുതെന്നും സംരക്ഷണചുമതല ഏറ്റെടുത്തുകൊള്ളാമെന്നും അച്ചന്‍ പറഞ്ഞു. എന്നാല്‍ ബെന്നി ഇതു സ്വീകരിക്കാന്‍ തയ്യാറായില്ല.
ആറ്‌മാസമായി പ്രതികള്‍ ആരോമലിനെ ദേഹോപദ്രവം ഏല്‍പിക്കാറുണ്ടായിരുന്നു എന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. പട്ടിത്തുടല്‍ കൊണ്ട്‌ കാലില്‍ ചുറ്റിത്താഴിട്ടു പൂട്ടി പട്ടിയോടൊപ്പമാണ്‌ കുട്ടിയെയും ഇരുത്താറ്‌. ആരോമലിന്റെ വലതു കൈപ്പത്തിയുടെ അകവും പുറവും ആന്റണി പൊള്ളിച്ചിരുന്നു. കൈപ്പത്തിയില്‍ തൊലി ഉണ്ടായിരുന്നില്ല. കുട്ടി മുറ്റത്തിരുന്ന അവസരത്തില്‍ ബെന്നി പുറകില്‍ നിന്നും തൊഴിച്ചു തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌.
2007 ഒക്‌ടോബര്‍ 19 ന്‌ രാവിലെ 10 ന്‌ ആന്റണിയുടെ ഭാര്യയുടെ സഹോദരന്‍ മുള്ളരിക്കുടി കാറ്റാടിപ്പാറയില്‍ താമസിക്കുന്ന ചാക്കോച്ചന്‍ മകളുടെ കല്യാണം ക്ഷണിക്കുന്നതിനായി പ്രതികളുടെ വീട്ടിലെത്തുകയും വീട്ടില്‍ പട്ടികളുടെ നടുവില്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതും കുട്ടി വിശന്ന്‌ കരയുന്നതും കണ്ട്‌ പള്ളി വികാരി ഫാ. മാര്‍ക്കോസുമായി സംസാരിച്ചു. ഫാ. മാര്‍ക്കോസ്‌ പോലീസില്‍ വിവരമറിയിക്കുകയും പോലീസ്‌ സ്ഥലത്തെത്തി തൊടലും താഴും അറുത്തുമാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ബട്ടണ്‍സില്ലാത്ത ഒരു ഷര്‍ട്ടുമാത്രമായിരുന്നു കുട്ടിയുടെ വേഷം. ആരോമലിന്റെ കാലില്‍ തുടല്‍ കിടന്ന ഭാഗത്ത്‌ തൊലി പോയിരുന്നു. ആരോമലിന്റെ പുറത്ത്‌ ചൂരല്‍ വടിക്കടിച്ച പാടുകള്‍ ഉണ്ടായിരുന്നു. ശരീരം മുഴുവന്‍ സിഗരറ്റു കത്തിച്ചു പൊള്ളിച്ചതിന്റെ ഉണങ്ങിയതും പുതിയതുമായ പൊള്ളിച്ച ധാരാളം പാടുകള്‍ ഉണ്ടായിരുന്നു. തല്ലുവാന്‍ ഉപയോഗിച്ച ചൂരലുകള്‍ കുട്ടിയുടെ സമീപത്തായി ചാരി വച്ചിരുന്നു.
ശാന്തന്‍പാറ പോലീസ്‌ പ്രതികള്‍ക്കെതിരേ കുട്ടിയെ അന്യായ തടങ്കലില്‍ വച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കുറ്റകരമായ നരഹത്യാശ്രമത്തിനും കേസ്‌ എടുത്തിരുന്നു. ശാന്തന്‍പാറ എസ്‌.ഐ ആയിരുന്ന എന്‍.കെ ബാബുവായിരുന്നു അന്വേഷണം നടത്തിയത്‌.
കോടതിയില്‍ ഏഴ്‌ സാക്ഷികളെ വിസ്‌തരിക്കുകയും അഞ്ച്‌ പ്രമാണങ്ങള്‍ തെളിവായി സ്വീകരിക്കുകയും ചെയ്‌തു. കുട്ടിയെ പൂട്ടിയിടുവാന്‍ ഉപയോഗിച്ച തുടലും താഴും കോടതിയില്‍ ഹാജരാക്കിയിരുന്നു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്ത്‌ രാജാക്കാട്‌ കരുണാ ഭവനിലെ ആരോമലായി കഴിയുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡ്വ. ഇ.എ റഹീമാണ്‌ കോടതിയില്‍ ഹാജരായത്‌.

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ഇല്ല, മറക്കില്ല; ഈ പ്രീമ


കടപ്പാട് : സത്യദീപം
ലോകത്തില്‍ ഏത്‌ കോണിലാണെങ്കിലും പ്രീമയ്‌ക്ക്‌ ഈ സിസ്റ്റര്‍ ചേച്ചിയെ മറക്കാനാകില്ല. തന്റെ ജീവശ്വാസം സിസ്റ്ററിന്റെ ജീവത്യാഗമാണല്ലോ, മാത്രമോ തന്റെ പേരിന്റെ കാരണവും.
ജീവന്‍ നല്‍കാന്‍ ജീവന്‍ കൊടുത്ത സി.പ്രീമ അതിന്‌ തന്നെ പ്രേരിപ്പിച്ച യേശുവിന്റെ സവിധമണഞ്ഞിട്ട്‌ കാല്‍നൂറ്റാണ്ടായി. പക്ഷേ ജീവന്‍ തിരിച്ചു ലഭിച്ച പ്രീമ ഇന്ന്‌ എവിടെയാണാവോ?
25 വര്‍ഷം പിന്നിലേക്ക്‌..
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ശൈശവത്തില്‍. കുറച്ചു രോഗികള്‍, ചുരുക്കം ഡോക്‌ടര്‍മാരും. ഇന്നത്തെപ്പോലെ സുസജ്ജമായ തീവ്രപരിചരണവിഭാഗമോ ഹൈടെക്‌ ഉപകരണങ്ങളോ ഇല്ലാത്ത കാലം. രോഗികളോടുള്ള ശുശ്രൂഷയും പരിഗണനയുമായിരുന്നു അന്നത്തെ സൂപ്പര്‍ സ്‌പെഷലൈസേഷന്‍. അതുകൊണ്ടു തന്നെ വൈദ്യു ശുശ്രൂഷയിലെ ദ്വിതീയ രക്ഷാനിരയായ കന്യാസ്‌ത്രീകളും മറ്റ്‌ നഴ്‌സുമാരും രോഗികള്‍ക്ക്‌ കണ്‍കണ്ട ദൈവങ്ങളായിരുന്നു.
ദിവസങ്ങളായി വിട്ടുമാറാത്ത പനിയും കഫക്കെട്ടുമായാണ്‌ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു വന്നത്‌. ലഭ്യമായ പരിശോധനകളും ആന്റി ബയോട്ടിക്‌ അടക്കമുള്ള ചികിത്സയും ആരംഭിച്ചു. പക്ഷേ ആശ്വാസം കാണുന്നില്ല.
നവസന്യാസ പരിശീലനവും നഴ്‌സിംഗ്‌ ബിരുദവുമെടുത്ത സി. പ്രീമയ്‌ക്കായിരുന്നു ശിശുരോഗവിഭാഗത്തിന്റെ ചുമതല. ഓരോ കുഞ്ഞും പുല്‍ക്കൂട്ടില്‍ അവതരിച്ച ഉണ്ണിയേശുവാണെന്ന വിശ്വാസബോധ്യത്തിലായിരുന്നു ശുശ്രൂഷ.
ഈ വിഭാഗത്തിന്‌ സിസ്റ്റര്‍ കൊടുത്ത പേര്‌ ഇന്‍ഫന്റ്‌ ജീസസ്‌ വാര്‍ഡ്‌ എന്നായിരുന്നു. തന്റെ വാര്‍ഡിലെ ഉണ്ണികളുടെ ആരോഗ്യനില നേരിട്ടറിയാന്‍ രാത്രികളില്‍ പല പ്രാവശ്യം സിസ്റ്റര്‍ എത്തുമായിരുന്നു. ഇത്രയ്‌ക്കൊന്നും വേണ്ട എന്ന സീനിയര്‍ സിസ്റ്റര്‍മാരുടെ ഉപദേശമെല്ലാം മാലാഖക്കുഞ്ഞുങ്ങളുടെ ദൈന്യതയ്‌ക്കു മുമ്പില്‍ സിസ്റ്റര്‍ മറക്കും.
മരുന്നുകള്‍ കൃത്യമായി നല്‍കിയിട്ടും കുഞ്ഞിന്റെ പനി ഒട്ടും കുറയുന്നില്ലല്ലോ. ഉണ്ണി വാടിയ തളിരില പോലെയായി. ഞാന്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കാം, വൈകിട്ട്‌ വാര്‍ഡില്‍ നിന്നും പോകുമ്പോള്‍ സിസ്റ്റര്‍ കുഞ്ഞിന്റെ അമ്മയ്‌ക്ക്‌ ഉറപ്പു നല്‍കി.
പുലര്‍ച്ചെ 3.30 സമയം. വാര്‍ഡില്‍ നിന്ന്‌ ഡ്യൂട്ടി നഴ്‌സ്‌ സിസ്റ്ററുടെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ ഓടി വന്നു. കുഞ്ഞിന്റെ നില കൂടുതല്‍ മോശമാകുന്നു. ശ്വാസതടസ്സവും ആരംഭിച്ചിട്ടുണ്ട്‌. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ വാര്‍ഡിലേക്ക്‌ സിസ്റ്റര്‍ പ്രീമ ഓടുകയായിരുന്നു. ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഏക അറ്റന്‍ഡര്‍ പൗലോസ്‌ ചേട്ടന്‍ ഡോ. സണ്ണി ജോര്‍ജ്ജിന്റെ വീട്ടിലേക്ക്‌ പാഞ്ഞു, ഡോക്‌ടര്‍ അന്ധാളിച്ചതു പോലെ. പനി ശമിപ്പിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു. ചില ബന്ധിക്കള്‍ ഐസ്‌ ഫാക്‌ടറി അന്വേഷിച്ചിറങ്ങി. ശരീരതാപം അല്‍പം ശമിച്ചെങ്കിലും ശ്വാസതടസ്സം മൂര്‍ച്ഛിച്ചു.
അപ്പോഴേക്കും പ്രഭാത പ്രാര്‍ത്ഥനയ്‌ക്കും ദിവ്യബലിക്കുമുള്ള മണിനാദം ആശുപത്രിചാപ്പലില്‍ മുഴങ്ങി. മറ്റ്‌ സിസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ പോയെങ്കിലും കുഞ്ഞിനെ വിട്ടുപോകാന്‍ സിസ്റ്ററിനായില്ല. മുരിങ്ങാത്തേരിയച്ചന്‍ ദിവ്യബലിക്കിടയില്‍ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.
വേണ്ടത്ര പ്രാണവായു ലഭിക്കാത്തതിനാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീലവര്‍ണം പടരുന്നു. ഡോക്‌ടര്‍ ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്ന്‌ പ്രാണവായു നല്‍കുന്നതിനുള്ള ശ്രമം തുടങ്ങി. പക്ഷേ ടാപ്‌ തുറക്കാനാവുന്നില്ല. ഡോക്‌ടറും നഴ്‌സുമാരും അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ക്കുകയായിരുന്നു. മൗത്ത്‌ ടു മൗത്ത്‌ ശ്വാസോച്ഛ്വാസമല്ലാതെ മറ്രൊരു മാര്‍ഗ്ഗവുമില്ലെന്നു ഡോക്‌ടര്‍. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നിന്നു. സിസ്റ്റര്‍ പ്രീമ ഒന്നും ആലോചിച്ചില്ല. കുഞ്ഞിന്റെ ചുണ്ടോടു ചേര്‍ത്ത്‌ തന്റെ ചുണ്ടു വച്ച്‌ ശക്തമായ മര്‍ദ്ദത്തോടെ സിസ്റ്റര്‍ കുഞ്ഞിന്റെ വായിലേക്ക്‌ ഉച്ഛ്വസിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും സിസ്റ്റര്‍ ക്ഷീണിതയായി. ദൈവാനുഗ്രഹം. ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തലകറങ്ങി വീഴാന്‍ പോയ സിസ്റ്ററിന്‌ ആരോ പഞ്ചസാര വെള്ളം കൊടുത്തു. കുഞ്ഞ്‌ പതുക്കെ കണ്ണുകള്‍ തുറന്നു. പാല്‍ കുടിച്ചു. വൈകാതെ എല്ലാം നോര്‍മല്‍ ആകുന്നു. ഒരാഴ്‌ചയിലെ നിരീക്ഷണം കൂടി വേണം. ചികിത്സകള്‍ തുടരട്ടെ. ഇത്‌ പറഞ്ഞ്‌, ഒരു മരണം ഒഴിവായ ചാരിതാര്‍ത്ഥ്യത്തില്‍ ഡോക്‌ടര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മടങ്ങി; സിസ്റ്റര്‍ പള്ളിയിലേക്കും.
സിസ്റ്റര്‍ വീണ്ടും പതിവു ജോലിയിലേക്ക്‌, കുഞ്ഞിനാണെങ്കില്‍ തന്റെ രക്ഷകയെ കാണുമ്പോള്‍ പ്രത്യേക സന്തോഷം.
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും സിസ്റ്ററിന്‌ ഒരു പനി. ഗൗനിക്കാതെ ഒരു കോടോപയറിന്‍ ഗുളികയാല്‍ സിസ്റ്റര്‍ സ്വയം ചികിത്സിക്കാന്‍ തുടങ്ങി. പക്ഷേ പനി കുറയുന്നില്ല. ആ ദിവസങ്ങളില്‍ ആഫ്രിക്കന്‍ മിഷനില്‍ നിന്ന്‌ ഒഴിവുകാലത്ത്‌ നാട്ടിലെത്തിയ ജ്യേഷ്‌ഠ സഹോദരി സിസ്റ്റര്‍ സീമയുടെ നിര്‍ബന്ധപ്രകാരം ഡോ. വര്‍ഗീസ്‌ പോളിനെ കണ്ടു. ചികിത്സ ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണം കാണാത്തതിനാല്‍ ഡോക്‌ടര്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യം മദര്‍ സുപ്പീരിയറിനെ അറിയിക്കുകയും ചെയ്‌തു. സിസ്റ്ററിന്‌ വലിയ ആലസ്യം. ഇടയ്‌ക്ക്‌ ഓര്‍മ നഷ്‌ടപ്പെടുന്നു. പൊടുന്നനെ ആഴമായ അബോധാവസ്ഥയിലാണ്ടു. ഒടുവില്‍ കുഞ്ഞിനെ ബാധിച്ച അതേ രോഗാണുബാധ സിസ്റ്ററിനും.
വൈദ്യശാസ്‌ത്രം പഠിച്ചതെല്ലാം പ്രയോഗിച്ചിട്ടും കാര്യങ്ങള്‍ കൈവിടുന്നതു പോലെ. വിവരമറിഞ്ഞ്‌ പെറ്റമ്മ ഓടിയെത്തുമ്പോഴേക്കും പള്‍സ്‌ തീരെ നേര്‍ത്തതായി. അമ്മയുടെ തേങ്ങലുകള്‍ക്കിടയില്‍ സിസ്റ്റര്‍ പ്രീമ തന്റെ ഗുരുനാഥന്റെ സവിധത്തിലേക്ക്‌ യാത്ര ആരംഭിച്ചു.
ആശുപത്രി ചാപ്പലിലെ അള്‍ത്താരയ്‌ക്കു മുമ്പില്‍ കിടത്തിയിരുന്ന തങ്ങളുടെ കാവല്‍മാലാഖയെ ഒരു നോക്ക്‌ കാണാന്‍ രോഗികള്‍ ഓടിക്കൂടി. ഇക്കൂട്ടത്തില്‍ ഒരു കുഞ്ഞിനെയെടുത്ത്‌ വാവിട്ടു കരയുന്ന ഒരമ്മയും പരിചിതമുഖം കണ്ട്‌ കുഞ്ഞ്‌ പുഞ്ചിരിച്ചു. പക്ഷേ..
സഹപ്രവര്‍ത്തകരായ കന്യാസ്‌ത്രീകള്‍ അന്ത്യചടങ്ങുകള്‍ക്കായി ശവമഞ്ചം പുറത്തേക്കിറക്കുമ്പോള്‍ ഈ അമ്മയും കുഞ്ഞും അന്ത്യചുംബനം നല്‍കി. കൂട്ടത്തില്‍ ഒരു പേരിടല്‍ കര്‍മ്മവും. കുഞ്ഞേ ഇനി നീയാണ്‌ പ്രീമ.
അള്‍ത്താരയിലെ കുരിശിനെ ചുവട്ടിലെ തിരുവചനം സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹ15:3)
ഇതു ജീവിതത്തില്‍ പകര്‍ത്തിയ സിസ്റ്റര്‍ പ്രീമയുടെ രക്തസാക്ഷിത്വത്തിന്‌ ജൂലൈ 20 ന്‌ കാല്‍ ശതാബ്‌ദം. ഫാ. ഡാമിയന്‍, മാക്‌സ്‌മില്യണ്‍ കോള്‍ബെ എന്നിവരുടെ ഗണത്തില്‍ സി.പ്രീമയും.

ബോധവത്കരണം



ബോധവത്കരണം

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ലോറി ബസിടിലിടിച്ച്‌ 23 പേര്‍ക്ക്‌ പരിക്ക്‌ ; ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന്‌ പേരുടെ നില ഗുരുതരം




ലോറി ബസിടിലിടിച്ച്‌ 23 പേര്‍ക്ക്‌ പരിക്ക്‌ ;
ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന്‌ പേരുടെ നില ഗുരുതരം

തൊടുപുഴ : അമിത വേഗത്തില്‍ റോംഗ്‌ സൈഡ്‌ കയറി വന്ന ലോറി കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ 23 പേര്‍ക്ക്‌ പരുക്കേറ്റു. തൊടുപുഴ -മുവാറ്റുപുഴ റൂട്ടില്‍ മടക്കത്താനത്ത്‌ വച്ച്‌ വൈകിട്ട്‌ 6.45 നാണ്‌ അപകടം.
അമിത വേഗത്തില്‍ പാഞ്ഞ്‌ വന്ന ലോറി റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന പെട്ടിയോട്ടോയില്‍ തട്ടിയശേഷമാണ്‌ ശേഷമാണ്‌ ബസിലിടിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുവാറ്റുപുഴ ഡിപ്പോയിലെ ബസ്‌ ഡ്രൈവര്‍ കാലടി മറ്റൂര്‍ കോയിശ്ശേരി വീട്ടില്‍ കെ റ്റി ജോയി, ലോറി ഡ്രൈവര്‍ ചിറ്റൂര്‍ സ്വദേശി സി സി ബെന്നി എന്ന്‌ അറിയപ്പെടുന്ന ബെന്നി (47), ലോറിയിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യ ലില്ലി എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോഡ്‌ ഇല്ലാത്ത എസ്‌ ഇ ലോറിയില്‍ ഭാര്യയോടൊപ്പം കൂട്ടുകാരിയെന്ന്‌ പറയുന്ന മറ്റൊരു സ്‌ത്രീയുമുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. കെ എല്‍ -07 വൈ- 1771-ാം നമ്പര്‍ ലോറിയാണ്‌ അപകടം വിതച്ചത്‌. മുവാറ്റുപുഴ സ്വദേശി ചിത്രാ മോഹനന്‍ തൃശൂര്‍കാര്‍ക്ക്‌ വിറ്റ ലോറിയാണിത്‌. തൊടുപുഴയില്‍ ലോഡ്‌ ഇറക്കിയതിന്‌ ശേഷം തിരിച്ചുപോകും വഴിയാണ്‌ അപകടം സംഭവിച്ചത്‌. ലോറി ഡ്രൈവര്‍ ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന്‌ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്നുപോയ ബസില്‍ കുടുങ്ങി കിടന്ന ഡ്രൈവര്‍ ജോയിയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌.
ചെപ്പുകുളം സ്വദേശികളായ ജോബിന്‍ ജോണ്‍, സാംസണ്‍, ബസ്‌ കണ്ടക്‌ടര്‍ വളയന്‍ചിറങ്ങര സ്വദേശി സന്തോഷ്‌കുമാര്‍, ജെയിംസ്‌കുട്ടി മൂന്നിലവ്‌, വര്‍ക്കി തട്ടക്കുഴ, റാണി കോലാനി, രമണി ഇടവെട്ടി, റോയി പാലാ, നാരായണന്‍ കോലാനി, ദീപേഷ്‌ തൃശ്ശൂര്‍, അനില്‍ പാലക്കാട്‌, മധുസൂദനന്‍ പാലാ, ബിജു കല്ലൂര്‍ക്കാട്‌, സുകുമാരന്‍ നെല്ലാപ്പാറ, മേരിക്കുട്ടി പെരിങ്ങളം, പൂഞ്ഞാര്‍, സുരേന്ദ്രന്‍ കാഞ്ഞിരമറ്റം, ബെന്നി മടക്കത്താനം, ബാബു ഇളംദേശം, ഗണേഷ്‌, മുട്ടം, മുവാറ്റുപുഴ എസ്‌ബിറ്റിയിലെ അസി. മാനേജര്‍ പാലാ സ്വദേശി ജ്യോതിര്‍മയി എന്നിവരെയാണ്‌ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌.
തൃശ്ശൂരില്‍ നിന്ന്‌ തൊടുപുഴയ്‌ക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‌ നേര്‍ക്ക്‌ ലോറി പാഞ്ഞ്‌ വരുന്നത്‌ കണ്ട്‌ ബസ്‌ അരികിലേക്ക്‌ നിര്‍ത്തികൊടുത്തതുകൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി.

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (93) കാലംചെയ്തു



വരാപ്പുഴ അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (93) കാലംചെയ്തു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ജൂലായ് 18 ന് അദ്ദേഹത്തെ എറണാകുളത്തെ ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശ്വാസ്വോച്ഛാസം പൂര്‍ണമായും വെന്‍റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് നടത്തിയിരുന്നത്. ശ്വാസകോശത്തിലെ അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുകൊണ്ട് ഡയാലിസിസിനും വിധേയനാക്കി.
1918 സെപ്തംബര്‍ 8ന് കൊടുങ്ങല്ലൂരിനടുത്ത് കാരയിലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ജനിച്ചത്. പിതാവ് കുഞ്ഞവിരാ. അമ്മ ത്രേസ്യാ. ഇട്ടീരാ എന്നായിരുന്നു കൊര്‍ണേലിയൂസിന്റെ വിളിപ്പേര്. കൊടുങ്ങല്ലൂര്‍ കാര മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍, എറണാകുളം സെന്റ്.ആല്‍ബര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലുവ മംഗലപ്പുഴ സെന്റ്.ജോസഫ്‌സ് സെമിനാരി, റോമിലെ ഉര്‍ബാനിയാന പ്രൊപഗാന്ത കൊളജ് എന്നിവിടിങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തത്ത്വശാസ്ത്രം, ഉപനിഷത്ത് പഠനം, സഭയുടെ കാനന്‍ നിയമം എന്നിവയില്‍ ഡോക്ടറേറ്റ് നേടി.
1945ലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പൗരോഹിത്യം സ്വീകരിച്ചത്. വിജയപുരം രൂപതാധ്യക്ഷനായി 15 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം, 1987ലാണ് വരാപ്പുഴ അതിരൂപതാധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. നിരവധി ക്രൈസ്തവ പ്രാര്‍ത്ഥനാ ഗീതങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 1989മുതല്‍ 1992വരെ കെസിബിസി അധ്യക്ഷനായിരുന്നു. 1996 ല്‍ അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, കാക്കനാടിനടുത്ത് ചെമ്പുമുക്കില്‍ അതിരൂപതയുടെ പ്രത്യേക മന്ദിരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

നാഗമംഗലത്ത്‌ അത്ഭുത നീരുറവ


തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു ലൂര്‍ദ്ദിന്റെ പ്രതീതിയാണ്‌. ഇവിടെയുള്ള നാഗമംഗലം എന്ന ഗ്രാമത്തിലെ അത്ഭുതനീറുറവ കാണാന്‍ തീര്‍ത്ഥാടക പ്രവാഹമാണ്‌. ബാംഗ്ലൂര്‍ കെ ആര്‍ പുരത്തു നിന്നും 72 കിലോമീറ്ററും ഹോസൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്ററും ദൂരെ മലയാളം വല്ലംബ്രോസ്സിന്‍ ബനഡിക്‌റ്റൈന്‍ സന്യാസികളുടെ ജെ ജി ഫാമില്‍ ആണ്‌ ഈ അത്ഭുതം. ഈ ഫാമില്‍ സാധാരണ പോലെ ജോലി ചെയ്‌ത ഒരു തൊഴിലാളിയാണ്‌ ഈ അത്ഭുത നീരുറവ കണ്ടെത്തുന്നത്‌. ജലം വളരെ വിരളമായിട്ടുള്ള ഈ സ്ഥലത്തെ നീരുറവയെക്കുറിച്ച്‌ വിസ്‌മയപൂര്‍വ്വം അയാര്‍ ഫാം മേധാവിയായ ഫാ. ജോയി ഉന്നംകല്ലില്‍ ഒഎസ്‌ബിയെ വിവരം അറിയിച്ചു. തുടര്‍ന്ന്‌ അവിടെ മണ്ണ്‌ മാറ്റിയപ്പോള്‍ വലിയൊരു കുളം തന്നെയാണ്‌ രൂപപ്പെട്ടതെന്ന്‌ ഫാ. ജോയി പറയുന്നു. 2008 മെയ്‌ 19 നാണ്‌ ഈ സംഭവം.
അത്ഭുത നീരുറവയെപ്പറ്റി കേട്ട്‌ ധാരാളം ആളുകള്‍ ഈ നീരുറവ സന്ദര്‍ശിക്കാനെത്തുന്നുണ്ട്‌. ഈ നീരുറവയിലെ ജലം പ്രാര്‍ത്ഥനയോടെ ഉപയോഗിച്ചപ്പോള്‍ തളര്‍വാതം, ബുദ്ധിമാന്ദ്യം, കാന്‍സര്‍, നടുവേദന, മുട്ടുവേദന, ഹൃദ്രോഗം, ത്വക്‌രോഗം തുടങ്ങിയവയില്‍ നിന്നൊക്കെ ആശ്വാസം കിട്ടിയതായി സാക്ഷ്യപ്പെടുത്തി പറയുകയും രേഖാമൂലം എഴുതികൊടുക്കുകയും ചെയ്‌ത ധാരാളം സാക്ഷ്യങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി ഫാ. ജോയി ഓര്‍മ്മിപ്പിച്ചു.
ഇതുപോലെ മറ്റ്‌ അനേകം അത്ഭുതങ്ങളും സംഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ ഈ നീരുറവയ്‌ക്ക്‌ അരികെയായി ലൂര്‍ദ്ദ്‌ മാതാവിന്റെ രൂപം സ്ഥാപിക്കുകയും തുടര്‍ന്ന്‌ ദിവസവും പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്‌തു. അതോടെ ദീവസവും വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എത്തിത്തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകളാണ്‌ എത്തുന്നത്‌. വിജനമായ ഈ പ്രദേശത്ത്‌ തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്‌ സര്‍ക്കാര്‍ അഞ്ചരകിലോമീറ്ററോളം റോഡ്‌ വീതി കൂട്ടി ടാര്‍ ചെയ്‌തു.
ആളുകള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടുതലായി എത്തിയതോടെ രണ്ടായിരം പേര്‍ക്ക്‌ ഇരിക്കാവുന്ന സജ്ജീകരണങ്ങളോടു കൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഔദാര്യമനസുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ധര്‍മ്മപുരി കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ ഡോ. ആന്റണി ജോസഫ്‌ അള്‍ത്താരയും അത്ഭുത ജലാശയവും വെഞ്ചരിച്ചു. ഇന്ന്‌ ഇവിടെ തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. വാരാന്ത്യങ്ങളിലും പ്രത്യേക ദിവസങ്ങളിലും 5000 ത്തിനു മേല്‍ ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നു.
ധര്‍മ്മപുരി, വേലൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ, മധുര, തൃശ്ശൂര്‍, പാലക്കാട്‌, കൊല്ലം, വയനാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടക സമൂഹങ്ങളും ഇവിടെ എത്തുന്നുണ്ട്‌.
എല്ലാ ദിവസവും രാവിലെ 11 ന്‌ ജപമാലയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുമാണുള്ളത്‌ എല്ലാ രണ്ടാം ശനിയാഴ്‌ചയും മാതാവിന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും കുര്‍ബാനയുടെ ആരാധനയുമുണ്ട്‌.
ജെ ജി ഫാം, സെന്റ്‌.മെരീസ്, നഗര്‍
കൃഷ്ണഗിരി ജില്ല, തമിഴ്നാട്‌
മൊബൈല്‍ : 09894897052












2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വൈ.എം.സി.എ. സാന്ത്വനം പദ്ധതി ഉദ്‌ഘാടനം

തൊടുപുഴ: അബുദാബി വൈ.എം.സി.എ, തൊടുപുഴ വൈ.എം.സി.എ. എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയായ സാന്ത്വനം-2011 ന്റെ ഉദ്‌ഘാടനം 6 രാവിലെ 11 നു ലയണ്‍സ്‌ ക്ലബ്‌ ഹാളില്‍ നടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പത്താംക്ലാസ്‌, 12-ാം ക്ലാസ്‌ പാസായവരും ഉന്നത വിദ്യാഭ്യാസത്തിന്‌ ചേര്‍ന്നവരുമായ ജില്ലയിലെ 25 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. ആറിനു രാവിലെ പതിനൊന്നിന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. പദ്ധതിയുടെ ഉദ്‌ഘാടനവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും നിര്‍വഹിക്കും.
വൈ.എം.സി.എ. സബ്‌ റീജണല്‍ ചെയര്‍മാന്‍ ടി.പി. ജോസഫ്‌, അബുദാബി വൈ.എം.സി.എ. പ്രസിഡന്റ്‌ ചെറിയാന്‍ പി.ജോണ്‍, തൊടുപുഴ പ്രസിഡന്റ്‌ ജോസ്‌ ടോം, പ്രോഗ്രാം കണ്‍വീനര്‍ സി.കെ. ജോര്‍ജുകുട്ടി, അബുദാബി വൈ.എം.സി.എ. ബോര്‍ഡ്‌ അംഗങ്ങളായ ബിജു പാപ്പച്ചന്‍, റെജി സി.യു, ബേസില്‍ മാവേലി എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ അബുദാബി വൈ.എം.സി.എ. പ്രസിഡന്റ്‌ ചെറിയാന്‍ പി.ജോണ്‍, തൊടുപുഴ പ്രസിഡന്റ്‌ ജോസ്‌ ടോം, ജനറല്‍ സെക്രട്ടറി ഡോ. ബോണി ജോസ്‌ ടോം, പ്രോഗ്രാം കണ്‍വീനര്‍ സി.കെ. ജോര്‍ജുകുട്ടി, ബിജു പാപ്പച്ചന്‍, റെജി സി.യു, ബേസില്‍ മാവേലി എന്നിവര്‍ പങ്കെടുത്തു.

പട്ടണനടുവില്‍ ശ്‌മശാനം


തൊടുപുഴ : തൊടുപുഴയില്‍ ശ്‌മശാനം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ മൂവാറ്റുപുഴയില്‍ പട്ടണനടുവില്‍ ശ്‌മശാനം പരാതിക്കിട നല്‌കാതെ പ്രവര്‍ത്തിക്കുന്നു. ശ്‌മശാനം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭീതിയാണ്‌ എതിര്‍പ്പിന്റെ പ്രധാന കാരണം. എന്നാല്‍ ആധുനിക രീതിയിലുള്ള ശ്‌മശാനം യാതൊരു പ്രശ്‌നവും സൃഷ്‌ടിക്കില്ലെന്നുള്ളതിന്റെ നേര്‍ സാക്ഷ്യമാണ്‌ മൂവാറ്റുപുഴയില്‍ കാണുവാന്‍ കഴിയുന്നത്‌. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്റിന്റെ മുന്‍വശത്താണ്‌ മൂവാറ്റുപുഴയിലെ ശ്‌മശാനം സ്ഥിതി ചെയ്യുന്നത്‌. നിരവധി കുട്ടികള്‍ പഠിക്കുന്ന കോ-ഓപ്പറേറ്റീവ്‌ കോളേജ്‌, മൃഗാശുപത്രി, വീടുകള്‍ തുടങ്ങിയവ സമീപത്തുണ്ട്‌. മൂവാറ്റുപുഴയിലും ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്ന്‌ കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ കെ.ജെ തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ എതിര്‍പ്പ്‌ ഒഴിവാകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുശ്‌മശാനം പരാതിക്കിട നല്‌കാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍ ബാബു പറഞ്ഞു.തൊടുപുഴയില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുമ്പോള്‍ സമീപവാസികള്‍ എതിര്‍പ്പുമായി വരുന്നത്‌ ശ്‌മശാന നിര്‍മ്മാണം നടക്കുവാന്‍ തടസ്സമായിരിക്കുകയാണ്‌. നാട്ടുകാരോടൊപ്പം വാര്‍ഡ്‌ കൗണ്‍സിലര്‍മാരും രംഗത്ത്‌ വരുന്നത്‌ ശ്‌മശാനം എന്നത്‌ തൊടുപുഴയില്‍ സാദ്ധ്യമല്ലാത്ത അവസ്ഥയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. ശ്‌മശാനത്തിന്റെ ക്രെഡിറ്റ്‌ ആര്‍ക്കെങ്കിലും ലഭിച്ചാലോയെന്ന ചിന്തയും പ്രശ്‌നം കുത്തിപ്പൊക്കുന്നവരുടെ മനസിലുണ്ടെന്ന ചിന്തയും ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്‌. മരിച്ചവരോടെങ്കിലും നീതി കാണിക്കാന്‍ അഭിനവ സാമൂഹിക പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഹോട്ടല്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; അസോസിയേഷന്‍


തൊടുപുഴ: ഹോട്ടല്‍മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നിവേദനം ജില്ലാ പ്രസിഡന്റ്‌ എം.എന്‍ ബാബു മന്ത്രി പി.ജെ ജോസഫിന്‌ സമര്‍പ്പിച്ചു.
കേരളത്തിലെ ചെറുതും വലുതുമായ ഒന്നരലക്ഷത്തോളം വരുന്ന ചായപീടിക, റസ്റ്റോറന്റ്‌, ലോഡ്‌ജ്‌, സ്റ്റാര്‍ ബാര്‍ ഹോട്ടലുകളും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള 25 ലക്ഷത്തോളം തൊഴിലാളികളും ഉള്‍പ്പെടുന്ന ഹോട്ടല്‍ വ്യവസായത്തിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ ടൂറിസം വികനസത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ള ചെറുകിട വ്യവസായശൃംഖലയാണ്‌ ഹോട്ടലുകളും റസ്റ്റോറന്റുകളും, വിദേശ ആഭ്യന്തര ടൂറിസ്റ്റുകളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ ആശ്രയം ചെറുകിട ഹോട്ടലുകള്‍ മാത്രമാണ്‌. കൂടാതെ വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവര്‍ക്കും ആശ്രയം വ്യവസായം. പ്രതിസന്ധികളെ നേരിടുകയാണ്‌.
നിത്യോപയോഗ സാധനങ്ങളുടെ വില, പാല്‍വില, പാചകവാതകവില, തൊഴിലാളികളുടെ ശമ്പളം, അവരുടെ മറ്റാനുകൂല്യങ്ങള്‍, വിവിധയിനം ടാക്‌സുകള്‍ തുടങ്ങിയ എല്ലാ ഇനങ്ങളിലും ഉണ്ടായിട്ടുള്ള അമിതമായ വര്‍ദ്ധനവ്‌ കാരണം ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടിയിട്ടുണ്ട്‌. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്‌ ഹോട്ടല്‍ ഉടമയ്‌ക്കോ, മറ്റാര്‍ക്കെങ്കിലുമോ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഹോട്ടല്‍ രാവിലെ തുറക്കുമ്പോള്‍ മുതല്‍ രാത്രി അടക്കുന്നതു വരെ തുടര്‍ച്ചയായി വെള്ളം ഉപയോഗിക്കേണ്ടി വരുന്നു.
പലവിധത്തിലുള്ള ആളുകള്‍ പലതരത്തിലുള്ള ആവശ്യങ്ങള്‍ക്ക്‌ ഹോട്ടലില്‍ ജലം ഉപയോഗിക്കുന്നുണ്ട്‌. പാചകആവശ്യത്തിന്‌ പുറമേ കുടിക്കുന്നതിനും കുളിക്കുന്നതിനും പ്രാഥമികആവശ്യങ്ങള്‍ക്കും ശുചീകരണത്തിനും വെള്ളം ഉപയോഗിക്കുന്നു. ഇതിന്‌ കൃത്യമായ ഒരളവ്‌ പറയാനോ, നിയന്ത്രിക്കുവാനോ പ്രയാസമാണ്‌. ഇപ്രകാരം പലവിധത്തില്‍ വളരെയധികം ജലം ആവശ്യമായിട്ടുള്ള അവശ്യസേവന മേഖലയാണ്‌ ഹോട്ടല്‍വ്യവസായം.
വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്‌ ഹോട്ടലുകളെ വളരെഅധികം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ വ്യവസായത്തിന്‌ മാത്രമായി പ്രത്യേക പരിഗണന നല്‍കി വെള്ളത്തിന്‌ കുറഞ്ഞ നിരക്ക്‌ നിശ്ചയിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഹോട്ടലുകള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‌ രണ്ടു തരത്തിലുള്ള താരിഫ്‌ ഉണ്ടായിരുന്നത്‌ പുനസ്ഥാപിക്കണം, പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്‌ ഗാര്‍ഹിക നിരക്കും ലോഡ്‌ജുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‌ കൊമേഴ്‌സ്യല്‍ ചാര്‍ജ്ജും ഈടാക്കണം.
ചൈല്‍ഡ്‌ ലേബര്‍ ആക്‌ടില്‍ ചില നിബന്ധനകള്‍ക്ക്‌ വിധേയമായി 14 വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്ക്‌ ഹോട്ടലുകളില്‍ ജോലി ചെയ്യുവാന്‍ അനുവാദമുള്ളപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ്‌ ആക്‌ട്‌ 26 വകുപ്പിന്റെ മറ പിടിച്ച്‌ ഹോട്ടലുകളില്‍ 18 വയസിനു താഴെയുള്ളവരെ ജോലി ചെയ്യിപ്പിക്കുന്നു എന്നാരോപിച്ച്‌ ഹോട്ടലുടമകളെ പീഡിപ്പിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണം. കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ഹോട്ടലുകളും വാടകക്കെട്ടിടത്തിലാണ്‌ നടത്തിവരുന്നത്‌. റെന്റ്‌ കണ്‍ട്രോള്‍ ആക്‌ടില്‍ നിരവധി അപാകതകള്‍ ഉള്ളതിനാല്‍ സാമ്പത്തികവര്‍ഷം മൊത്തം 25000 കോടിയില്‍ അധികം നികുതി സംഭരിച്ച്‌ ഗവണ്‍മെന്റില്‍ അടക്കുന്ന ഹോട്ടല്‍ മേഖലയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്‌. വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമായി ചര്‍ച്ച നടത്തണം.
കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗമായ വിനോദസഞ്ചാരമേഖലയിലെ പ്രധാന ഘടകമായ ഹോട്ടല്‍ മേഖലയിലെ ഏക സംഘടനയായ കേരള ഹോട്ടല്‍ ആന്റ്‌ റെസ്റ്റോറന്റ്‌ അസോസിയേഷന്‌ കേരളത്തിലെ 95 ശതമാനം ഹോട്ടല്‍ റസ്റ്റോറന്റ്‌ ഉടമകളും അംഗങ്ങളായിട്ടുള്ള സംഘടന എന്ന നിലയില്‍ അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ കമ്മറ്റികളിലും ബോര്‍ഡുകളിലും നല്‍കണം. ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ കമ്മറ്റി ഡിറ്റിപിസി, ഭക്ഷ്യസുരക്ഷാകമ്മറ്റികള്‍, വാറ്റ്‌ കണ്‍സള്‍ട്ടേഷന്‍ കമ്മറ്റി, മിനിമം വേജസ്‌ അഡൈ്വസറി കമ്മറ്റി തുടങ്ങിയവകളില്‍ യഥാര്‍ത്ഥ മേഖലയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ അതാതു മേഖലയിലെ പ്രശ്‌നങ്ങള്‍ അര്‍ഹമായരീതിയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ കമ്മറ്റികള്‍ക്ക്‌സാധിക്കുകയുള്ളൂ.
2006 ല്‍ പാര്‍ലമെന്റ്‌ ഭക്ഷ്യസുരക്ഷാ നിലവാര നിയമം പാസാക്കുകയും അതിന്റെ ചട്ടങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയുമാണ്‌. 2011 ആഗസ്റ്റ്‌ ഒന്‍പത്‌ മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരികയാണ്‌. ചായക്കട നടത്താന്‍ പോലും ഹോട്ടല്‍മാനേജ്‌മെന്റ്‌ പഠിക്കണം, ഭക്ഷണം പാഴ്‌സല്‍ ചെയ്യുന്നതിന്‌ അന്താരാഷ്‌ട്രനിലവാരം വേണമെന്നുള്ളതും കടുത്ത നിബന്ധനകള്‍ പാലിക്കാത്ത വിധത്തില്‍ ഭക്ഷണം കൊടുത്താല്‍ ലക്ഷങ്ങളുടെ പിഴശിക്ഷയും ചുമത്തുന്ന നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ നാടന്‍ വിഭവങ്ങളും ദോശ, ഇഡ്‌ലി, ചട്‌ണി, ചില്ലിചിക്കന്‍ തുടങ്ങിയ ഇന്‍സ്റ്റന്റ്‌ വിഭവങ്ങളും മലയാളികള്‍ക്ക്‌ ലഭിക്കാതെ വരും. കേരളത്തിന്റെ പരമ്പരാഗത ഭക്ഷണശൈലിയുമായി പൊരുത്തപ്പെടുന്ന നിയമമെ നടപ്പിലാക്കാവൂ. ഈ നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം നടത്തുകയും കേരളത്തില്‍ നടപ്പിലാക്കുന്നതിന്‌ മുമ്പായി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമായി ചര്‍ച്ച നടത്തുകയും വേണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കടപ്പാട് : മേട്രോവാര്‍ത്ത

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വിന്‍സെന്റിന്‌ സഹായ ഹസ്‌തവുമായി ഖത്തര്‍ മലയാളികള്‍



തൊടുപുഴ : കെഎസ്‌ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ എട്ടുമാസമായി ആശുപത്രിയില്‍ കഴിയുന്ന വണ്ടമറ്റം പുതുശ്ശേരിയില്‍ വിന്‍സെന്റ്‌ വര്‍ഗ്ഗീസിന്‌ ഖത്തര്‍ മലയാളികളുടെ സഹായ ഹസ്‌തം. ഖത്തറില്‍ ജോലി ചെയ്യുന്ന ഇടുക്കിജില്ലയില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്‌മ സംഭരിച്ച അരലക്ഷം രൂപ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിന്‍സെന്റിന്‌ സംഘടനയുടെ രക്ഷാധികാരി അറക്കുളം സ്വദേശി ഉണ്ണികൃഷ്‌ണന്‍ ഇന്ന ലെ ആശുപത്രിയില്‍ എത്തി നല്‍കി. വിന്‍സെന്റിന്റെ ദയനീയാവസ്ഥയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെതുടര്‍ന്നാണ്‌ ഖത്തറിലെ മലയാളികള്‍ പണം സ്വരൂപിച്ചത്‌. ഇന്നലെ രാവിലെ ഖത്തറില്‍ നിന്നും നാട്ടിലെത്തിയ ഉണ്ണികൃഷ്‌ണന്‍ ഉച്ചയോടെ വിന്‍സെന്റിനെ സന്ദര്‍ശിച്ച്‌ പണം നല്‍കുകയായിരുന്നു.